KSDLIVENEWS

Real news for everyone

പശ്ചിമേഷ്യൻ യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ റഷ്യ; ‘ഡൂംസ്ഡേ’ വിമാനം അയച്ചു, നിർണായക നീക്കം

SHARE THIS ON

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ ‘ഡൂംസ്ഡേ’ വിമാനം ഇറാനിലേക്ക് അയച്ചു. റഷ്യൻ സർക്കാരിന്റെ പറക്കുന്ന കമാൻഡ് പോസ്റ്റ് ആയി അറിയപ്പെടുന്ന ടുപോളേവ് ടി.യു-214പി.യു (Tupolev Tu-214PU) ആണ് ടെഹ്റാനിൽ എത്തിയത്. റഷ്യയുടെ അതീവ സുരക്ഷിതമായ വാർത്താവിനിമയ സംവിധാനങ്ങളും കമാൻഡ്-ആൻഡ്-കൺട്രോൾ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള വിമാനമാണിത്.

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും സങ്കീർണമായ പശ്ചാത്തലത്തിലാണ് റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ എന്നതാണ് ശ്രദ്ധേയം. ഇതുവരെ പരോക്ഷമായ സഹായങ്ങൾ നൽകുന്നുവെന്ന ആരോപണങ്ങൾ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉയർത്തിയിരുന്നു. ഇപ്പോൾ പ്രത്യക്ഷത്തിൽ യുദ്ധത്തിൽ റഷ്യ നേരിട്ട് ഇടപെടുന്നതിന് തുല്യമാണ് പുതിയ നീക്കം.

സാധാരണ യാത്രാവിമാനങ്ങളിൽനിന്ന് വ്യത്യസ്തമായി, യുദ്ധം പോലുള്ള അതീവ ഗുരുതരമായ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത രീതിയിൽ സൈനിക സംവിധാനങ്ങളുമായുള്ള കമാൻഡ് ഉറപ്പാക്കാൻ ഇതിന് സാധിക്കും. ഒരു സാധാരണ യാത്രാവിമാനമായ Tu-214 നെ അടിമുടി പരിഷ്കരിച്ച് ഒരു “പറക്കുന്ന കമാൻഡ് സെന്റർ” (Airborne Command Post) ആക്കി മാറ്റിയിരിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നത്. 

എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും സുരക്ഷിത ഡാറ്റാ ലിങ്കുകളുമാണ് ടുപോളോവിന്റെ പ്രത്യേകത. ശത്രുക്കളുടെ ഭീഷണികൾക്കിടയിലും ഭരണാധികാരികൾക്കും സൈനിക മേധാവികൾക്കും യുദ്ധതന്ത്രങ്ങൾ ഏകോപിപ്പിക്കാൻ ഈ വിമാനം സഹായിക്കും.

ഇതിലെ ‘PU’ എന്ന ചുരുക്കപ്പേര് റഷ്യൻ ഭാഷയിലെ ‘Punkt Upravleniya’ (കൺട്രോൾ പോയിന്റ് അല്ലെങ്കിൽ കമാൻഡ് പോസ്റ്റ്) എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു അടിയന്തിര സാഹചര്യമോ യുദ്ധമോ ഉണ്ടായാൽ റഷ്യൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്ക് ആകാശത്തിരുന്നുകൊണ്ടുതന്നെ രാജ്യത്തെയും സൈന്യത്തെയും നിയന്ത്രിക്കാൻ ഈ വിമാനം സഹായിക്കും. അതിനാലാണ് പലപ്പോഴും ഇതിനെ റഷ്യയുടെ “ഡൂംസ്ഡേ വിമാനം” (Doomsday Plane) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. 

ആണവാക്രമണം പോലുള്ള അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളിൽപോലും ആകാശത്തുനിന്ന് സൈന്യത്തിന് നേരിട്ട് നിർദ്ദേശങ്ങൾ നൽകാൻ ഈ വിമാനത്തിലെ സംവിധാനങ്ങൾ ഉപയോഗിച്ച് സാധിക്കും. 

error: Content is protected !!