ഉദുമ നിയോജക മണ്ഡലത്തിലെ 3 റോഡുകളുടെ വികസനത്തിന് 20.14 കോടി അനുവദിച്ചു

പെരിയ: ഉദുമ നിയോജക മണ്ഡലത്തിലെ 3 പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി ചെയ്ത് വികസിപ്പിക്കുന്നതിന് 20.14 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ചാലിങ്കാൽ-മീങ്ങോം- അമ്പലത്തറ റോഡിന് 5.64 കോടി രൂപ, ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാന്തോട് റോഡിന് 8.50 കോടി രൂപ, പെരിയ-ഒടയംചാൽ റോഡിന് 6 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.ചാലിങ്കാൽ ദേശീയപാതയിൽ നിന്ന് കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ എത്തുന്ന പ്രധാന റോഡാണ് ചാലിങ്കാൽ-മീങ്ങോം-അമ്പലത്തറ. 15 വർഷങ്ങൾക്ക് മുൻപ് ഉപരിതലം പുതുക്കിയ ഈ റോഡ് തുടർന്ന് അറ്റകുറ്റപ്പണി മാത്രമേ ചെയ്തിരുന്നുള്ളൂ. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭാരം കൂടിയ വാഹനങ്ങൾ ഈ റോഡ് വഴി സഞ്ചരിച്ചതോടെ റോഡ് പൂർണമായും തകർന്നു.
ഉദുമ– കാഞ്ഞങ്ങാട് മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര റോഡാണ് ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാന്തോട് റോഡ്. ഇതിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 കിലോമീറ്റർ റോഡ് 8 വർഷം മുൻപ് വികസിപ്പിച്ചിരുന്നു. ഉദുമ മണ്ഡലത്തിൽ ഉൾപ്പെടുന്ന റോഡ് വികസനത്തിനാണ് 8.50 കോടി രൂപ അനുവദിച്ചിട്ടുള്ളത്.ദേശീയപാതയിൽ പെരിയ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് ഒടയംചാൽ ടൗണിൽ എത്തുന്ന പെരിയ-ഒടയംചാൽ റോഡിൽ പെരിയ ജംഗ്ഷൻ മുതൽ 8 കിലോമീറ്റർ വരെ 10 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷം ബിഎം ആൻഡ് ബിസി ചെയ്തിരുന്നു. ബാക്കിവരുന്ന 4 കിലോമീറ്റർ റോഡ് മെക്കാഡം ചെയ്യുന്നതിനാണ് 6 കോടി രൂപ അനുവദിച്ചത്.അടുത്ത മേയ് മാസത്തിനു മുൻപ് ഈ 3 റോഡുകളുടെയും വികസന പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.

