കേരളത്തിൽ 24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ; ആക്ടീവ് കേസുകൾ 2041

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആകെയുള്ള 2311 ആക്ടീവ് കേസുകളിൽ 2041 രോഗികളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മൂന്നു പേർ സംസ്ഥാനത്ത് മരിച്ചതായും കേന്ദ്രം അറിയിച്ചു.
കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളത്തിനു തൊട്ടുപിന്നിലുള്ള സംസ്ഥാനമായ തമിഴ്നാട്ടിൽ 13 കേസുകളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 11, 9 കേസുകളാണുള്ളത്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ 3000 കേസുകൾ വരെ എത്തുമെന്നും അതിനുശേഷമേ കുറഞ്ഞു തുടങ്ങൂവെന്നുമാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഈയിടെ 12 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഒഴികെ എല്ലാവരും 65നു മേൽ പ്രായമുള്ളവരാണ്. അർബുദം, വൃക്കയുടെ തകരാർ, ശ്വാസകോശ പ്രശ്നങ്ങൾ, പ്രമേഹം എന്നിവ മൂലം ഗുരുതരാവസ്ഥയിലായിരുന്നപ്പോഴാണ് ഇവരിൽ കോവിഡ് കണ്ടെത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസ്സുകാരിയിലാണ് രാജ്യത്ത് ആദ്യമായി ജെഎൻ.1 സ്ഥിരീകരിച്ചത്. നവംബർ അവസാനം വൈറസ് ബാധിച്ച ഇവർ ഡോക്ടറുടെ നിർദേശത്തിൽ വീട്ടിൽ കഴിയുകയായിരുന്നു.

