500 ലിറ്റർ വെള്ളത്തിന് 300 രൂപ : കുടിവെള്ളം വിലകൊടുത്ത് വാങ്ങി കിനാലൂർ-കരിന്തളം പുലിയംകുളം കോളനിനിവാസികൾ

വെള്ളരിക്കുണ്ട്: അഞ്ഞൂറ് ലിറ്റർ വെള്ളത്തിന് വില 300 രൂപ. മാസം നാല് തവണയെങ്കിലും വെള്ളം വാങ്ങേണ്ടിവരുന്നു. ഇരുപതിലധികം പട്ടികവർഗ കുടുംബങ്ങളാണ് വെള്ളം വിലയ്ക്കുവാങ്ങുന്നത്. കിനാനൂർ -കരിന്തളം പുലിയംകുളം കോളനി നിവാസി ബാലകൃഷ്ണൻ നിസ്സഹായാവസ്ഥ തുറന്ന്ുപറയുകയാണ്.
‘വേറൊന്നും വേണ്ട, വീടിന്റെ മുമ്പില് കുടിക്കാൻ ഒരുതുള്ളിവെള്ളമെങ്കിലും’ -കിനാനൂർകരിന്തളം ഏഴാംവാർഡിൽ കഴിഞ്ഞദിവസം നടന്ന ഗ്രാമസഭായോഗത്തിൽ പുലിയംകുളത്തെ നാലുപുരപ്പാട് ദൈനബി (60) കരഞ്ഞുകൊണ്ട് പറഞ്ഞതാണിത്. ദൈനബി മാത്രമല്ല, വൃദ്ധദമ്പതിമാർ ചാണയും നീലിയും ഉൾപ്പെടെ അൻപതിലധികം കുടുംബങ്ങൾക്ക് ഇതേ പരാതിയുണ്ട്. പ്രഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പറഞ്ഞ കാര്യത്തിന് പരിഹാരം കാത്തിരിക്കുകയാണ് ഇവിടെയുള്ളവർ.
പൊതുവിൽ കടുത്ത ജലക്ഷാമമുള്ള പുലിയംകുളത്ത് വെള്ളം വിലയ്ക്കുവാങ്ങുന്നവരുമുണ്ട്. പരപ്പ ബിരിക്കുളം റോഡിന് ഇരുവശങ്ങളിലാണ് പുലിയംകുളത്തെ വീടുകൾ. ഇവിടത്തെ കുടിവെള്ളക്ഷാമത്തിന് സ്ഥായിയായ പരിഹാരമില്ല. ദൂരെ തോട്ടുവക്കിലെ ഓലിയിൽനിന്നും പഞ്ചായത്ത് കിണറിൽനിന്നും വെള്ളം കൊണ്ടുവരുന്നവരുണ്ട്.
നോക്കുകുത്തിയായി രണ്ട് സംഭരണികൾ
:വെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുമ്പോൾ റോഡിനിരുവശവും നോക്കുകുത്തിയായി രണ്ട് സംഭരണികൾ. ഒന്ന് 2004-05ൽ എം.എൽ.എ. യുടെ പ്രത്യേക വികസനനിധിയിൽനിന്ന് ഒരുക്കിയതാണ്. ഒരുവർഷം കഴിഞ്ഞപ്പോൾ പദ്ധതി താറുമാറായി. 300 മീററർർ അകലെയാണ് കിണർ. വെള്ളത്തിന്റെ കുറവും പൈപ്പുകൾ തകർന്നതും ജലവിതരണം നിലയ്ക്കാൻ കാരണമായി.
2015-ൽ വന്ന ജലനിധിയാണ് രണ്ടാമത്തേത്. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഇതും മുടങ്ങി. പമ്പ് സെറ്റ് കേടായതും മറ്റ് സാങ്കേതിക പ്രശ്നങ്ങളും തടസ്സമായി. പട്ടികവർഗവികസന വകുപ്പധികാരികളുൾപ്പടെ ആരും വേണ്ടനിലയിൽ ഇടപെടുന്നില്ലെന്ന് പരാതിയുയർന്നു. വെള്ളത്തിനായി കരയേണ്ട ഗതികേടിലേക്ക് എത്തിയത് നാടിന് അപമാനമാണെന്ന് മലവേട്ടു മഹാസഭ ജില്ലാ പ്രസിഡന്റ് എം.ഭാസ്കരൻ പട്ള പറഞ്ഞു.
ജലനിധി നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയതായി വാർഡംഗം അബ്ദുൾനാസർ പറഞ്ഞു. അതിനായി നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പമ്പ് സെറ്റും നന്നാക്കും. ജലവിതരണത്തിനുള്ള മറ്റ് തടസ്സങ്ങൾ വേഗം പരിഹരിക്കും. ഗുണഭോക്തൃ കമ്മിറ്റി സജീവമാക്കും.
രണ്ടു കൊല്ലമായി വെള്ളത്തിന് കരയുന്നു
:വെള്ളത്തിനായി കരഞ്ഞ് പറയാൻതുടങ്ങിയിട്ട് രണ്ട് കൊല്ലത്തോളമായി. തനിച്ചാണ് താമസം. തൊഴിലുറപ്പ് പണിയെടുത്താണ് കഴിയുന്നത്. നടക്കാൻ പ്രയാസമുള്ളതിനാൽ വെള്ളമെടുക്കാൻ ദൂരെ പോകാനാകുന്നില്ല.

