തീരാത്ത സസ്‌പെന്‍ഷന്‍: ഇന്ന് സസ്‌പെന്‍ഡ് ചെയ്തത് മൂന്ന് കോണ്‍ഗ്രസ് എംപിമാരെ; ആകെ എണ്ണം 146

ന്യൂഡല്‍ഹി∙ ലോക്‌സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഇന്ന് മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെയാണു നടപടി. ഡി.കെ. സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ പ്രതിഷേധം കടുപ്പിക്കാനാണു കോണ്‍ഗ്രസ് തീരുമാനം. എംപിമാര്‍ പിന്നെ എവിടെയാണു സംസാരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ചോദിച്ചു.
പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നുമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 146 ആയി. ബുധനാഴ്ച പ്രതിപക്ഷത്തുനിന്ന് എ.എം.ആരിഫ് (സിപിഎം), തോമസ് ചാഴികാടന്‍ (കേരള കോണ്‍ഗ്രസ്-എം) എന്നിവരെ സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്റിലെ പുകയാക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ച 49 പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നേരത്തേ നടപടി എടുത്തിരുന്നു

