ജീവൻ പൊലിയുന്ന നിരത്തുകൾ; സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. അമിത വേഗതയും അശ്രദ്ധയും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയുമാണ് നിരത്തുകളെ നിണമണിയിക്കുന്നത്. സംസ്ഥാനത്ത് 2030-ൽ റോഡ് അപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാൻ നാറ്റ്പാക്ക് റോഡ് സുരക്ഷാ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു. ആ പദ്ധതി പൂർണതോതിൽ ഫലം കണ്ടാൽ റോഡ് അപകടങ്ങൾ വലിയതോതിൽ കുറയ്ക്കാൻ സഹായകരമാകും.
ഒടുവിലത്തെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 1990-ൽ കേരളത്തിലുണ്ടായിരുന്നത് 6,48,000 മോട്ടോർ വാഹനങ്ങളായിരുന്നു. 2024-2025 കാലഘട്ടത്തിൽ 51,81,97,585 ആയി. 35 വർഷം കൊണ്ട് 28 മടങ്ങ് വർധന. 1990-ൽ റോഡുക ളുടെ ദൈർഘ്യം 1,28,403 കിലോമീറ്ററായിരുന്നു. 2024-25-ൽ 1,97,448 കിലോമീറ്ററായി. എന്നാൽ ഇതിന് വേണ്ട പശ്ചാത്തതല സംവിധാനം ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയാം. ദേശീയപാതയിലടക്കം ഇരുചക്ര വാഹനയാത്രക്കാർ മീഡിയനോട് ചേർന്ന് സഞ്ചരിക്കുന്ന പ്രവണത വർ ധിച്ചതായി കേരള പോലീസിന്റെ ട്രാ ഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേ ജ്മെന്റ് വിഭാഗം പറയുന്നു.
അശ്രദ്ധയോടെയും നിയവിരുദ്ധവുമായി വാഹനം ഓടിക്കുന്നതും വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകൾ വികസിക്കാത്തതും അപകടനിരക്ക് ഉയരാൻ കാരണമായതായി.ഒരോ വർഷത്തെയും അപകടമരണങ്ങൾ കൂടുന്നുവെന്ന് ഈ കണക്കുകൾ തന്നെ ചുണ്ടികാണിക്കുന്നു. 2021- 3429, 2022- 4317, 2023- 4080, 2024- 3875, 2025-3733, 2026 ജൂൺ വരെ-2319 പേർ മരിച്ചുവെന്നാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക കണക്ക്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ കണക്കും ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതിനു പിന്നിലെ പ്രധാന വില്ലൻ ഡ്രൈവിങ്ങിലെ പിഴവ്.
അപകടങ്ങൾ കൂടാൻ കാരണമായ ചില കാരണങ്ങൾ ഉണ്ടെന്നാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ വിലയിരുത്തൽ. വാഹനത്തെക്കുറിച്ചോ റോഡിനെക്കുറിച്ചോ ധാരണയില്ലാതെ അതിവേഗമെടുക്കുക, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക, വേഗപരിധി നിയന്ത്രണം ലംഘിക്കുക, ഡ്രൈവിങ്ങിനിടെ മയക്കുമരുന്ന്, ലഹരി ഉപയോഗം, മൊബൈൽഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധയമായി റോഡ് മുറിച്ചുകടക്കുക, രാത്രിയിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതിരിക്കുക, വിശ്രമമില്ലാത്ത ഡ്രൈവിങ്, വാഹനങ്ങളുടെ സാങ്കേതികപ്പിഴവ്, റോഡുകളിലെ വെളിച്ചക്കുറവ്, സിഗ്നലുകളുടെ അഭാവം എന്നിവയാണ് അപകടത്തിനിടയാക്കുന്ന പ്രധാന കാരണങ്ങൾ.

