KSDLIVENEWS

Real news for everyone

ഇടതുപക്ഷം ഒലിച്ചുപോയെന്ന് പരിഹസിച്ചവര്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ ചുട്ട മറുപടി: തിരഞ്ഞെടുപ്പ് ഫലത്തില്‍ പിണറായി

SHARE THIS ON

യുഡിഎഫ് സർക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവർക്കും അപഹസിച്ചവർക്കും വോട്ടർമാർ നല്‍കിയ ചുട്ട മറുപടിയാണിതെന്നും പിണറായി വിജയൻ പ്രതികരിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. വിസ്മയമല്ല കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാരിൻ്റെ പ്രവർത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാള്‍മാരുടെയും സ്പോണ്‍സർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കുന്നതില്‍ പോലും പരാജയപ്പെട്ടു.

വൻകിട കോർപ്പറേറ്റുകള്‍ക്കും മദ്യലോബിക്കും സൗജന്യങ്ങള്‍ നല്‍കലും, സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരുമായി സർക്കാർ അധഃപതിക്കുകയാണ്. അനുദിനം സർക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച നിരവധി ഇടങ്ങളില്‍ ഇക്കുറി എല്‍ഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

യുഡിഎഫിലെ രണ്ട് എംഎല്‍എമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകള്‍ പിടിച്ചെടുക്കാൻ എല്‍ഡിഎഫിനായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ, ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവ് വാർഡ്‌ എന്നിങ്ങനെ യുഡിഎഫ് എംഎല്‍എമാർ ജയിച്ച ഇടങ്ങളില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂർ, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം, എംഎല്‍മാർ ജയിച്ചിരുന്ന വാർഡുകളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനില്‍ യുഡിഎഫ് എംഎല്‍എ 2273 വോട്ടിന് ജയിച്ച വാർഡില്‍ യുഡിഎഫിൻ്റെ ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന് മൂന്നു സീറ്റുകള്‍ നഷ്ടമായി. പാലക്കാട്‌ ജില്ലയിലെ ഏഴു സീറ്റില്‍ അഞ്ചെണ്ണം വിജയിക്കാൻ എല്‍ഡിഎഫിനു കഴിഞ്ഞു. കല്ലറ ഡിവിഷനില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 5,683-ല്‍ നിന്ന് 3,019 ആയി കുറഞ്ഞു. ബി.ജെ.പിയുടെ 4,155 വോട്ടുകള്‍ കുറഞ്ഞത് അവർക്ക് ലഭിച്ചതിനാലാണ് സീറ്റ് നിലനിർത്താൻ ആയത്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് വിജയിക്കാനായി. ഇതില്‍ ഒരു സീറ്റ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തതാണ്. കോട്ടയം, പാലക്കാട് ജില്ലകളില്‍ രണ്ടു സീറ്റ് വീതം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. യുഡിഎഫ് സർക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവർക്കും അപഹസിച്ചവർക്കും വോട്ടർമാർ നല്‍കിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളില്‍ തളരാതെ, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേർക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങള്‍.

വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച്‌ ഈ തിളക്കമാർന്ന വിജയം ഉറപ്പാക്കാൻ രാപ്പകല്‍ പ്രയത്നിച്ച എല്‍ഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങള്‍. ഈ ജനവിശ്വാസം കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് വലിയ ഊർജ്ജം പകരും. യുഡിഎഫ് സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!