KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയെ കണ്ട് ദേവഗൗഡ, JDS നേതാക്കള്‍ കൂട്ടത്തോടെ ഡല്‍ഹിയില്‍; സീറ്റ് ചര്‍ച്ചയെന്ന് സൂചന

SHARE THIS ON

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ്. നേതാക്കള്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മക്കളായ കര്‍ണാടക ജെ.ഡി.എസ്. അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയും എച്ച്.ഡി. രേവണ്ണയും അടങ്ങിയ ജെ.ഡി.എസ്. സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു ചര്‍ച്ചകള്‍ക്കായാണ് സംഘം ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന.

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമായും മൂന്ന് നിര്‍ദേശങ്ങള്‍ വെച്ചെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം എച്ച്.ഡി. ദേവഗൗഡ എക്‌സില്‍ കുറിച്ചത്. കര്‍ണാടകയിലെ കൊടുഗൊല്ല, അഡവിഗൊല്ല, ഹത്തിഗൊല്ല സമുദായത്തിന്‌ പട്ടികവര്‍ഗ പദവി നല്‍കണമെന്നും നാളികേര കൃഷിക്ക് പുതിയ നയരേഖ രൂപവത്കരിക്കണമെന്നും കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലെ ഹുത്രി ദുര്‍ഗ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം വിശദീകരിച്ചു.


അതേസമയം, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച പ്രധാനമന്ത്രി, രാഷ്ട്രപുരോഗതിക്ക് ദേവഗൗഡയുടെ മാതൃകാപരമായ സംഭാവനകളെ രാജ്യം വിലമതിക്കുന്നതായി പ്രതികരിച്ചു. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഉള്‍ക്കാഴ്ചയുള്ളതാണെന്നും ഭാവിയെക്കൂടി കരുതുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.



മുന്‍ എം.പി. കുപേന്ദ്ര റെഡ്ഡി, പ്രജ്വല്‍ രേവണ്ണ എം.പി, സി.എന്‍. ബാലകൃഷ്ണ എം.എല്‍.എ. എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായാണ് ജെ.ഡി.എസ്. നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്നതെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബി.ജെ.പി. കേന്ദ്രനേതൃത്വത്തില്‍നിന്ന് ക്ഷണം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന. സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയേയും കണ്ടേക്കും.


ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയും ഡല്‍ഹിയിലെത്തും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ ഡല്‍ഹിയിലേക്ക് പോകന്നതാണെന്നാണ് വിജയേന്ദ്രയുടെ വിശദീകരണം. കര്‍ണാടകയില്‍ അഞ്ചു സീറ്റുകള്‍ വരെയാണ് ജെ.ഡി.എസ്. ലക്ഷ്യമിടുന്നത്. സീറ്റുവിഭജനത്തില്‍ നേരത്തെ തീരുമാനമുണ്ടായാല്‍, പ്രവര്‍ത്തനം നേരത്തെ തുടങ്ങാമെന്ന വിലയിരുത്തലാണ് ജെ.ഡി.എസിനുള്ളത്.


വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം സഖ്യംചേര്‍ന്ന് മത്സരിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ജെ.ഡി.എസ്. പ്രഖ്യാപിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായിരുന്നു. സി.എം. ഇബ്രാഹിമും സി.കെ. നാണുവും ചേര്‍ന്ന് യോഗം വിളിച്ചതിന് പിന്നാലെ ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. സി.കെ. നാണുവിനെ ദേശീയ പ്രസിഡന്റായി ഇബ്രാഹിം വിഭാഗം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സി.കെ. നാണു കേരളത്തിലെ എല്‍.ഡി.എഫ്. നേതൃത്വത്തിന് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന കത്ത് നല്‍കി. ദേവഗൗഡയ്‌ക്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ ഔദ്യോഗിക വിഭാഗം, സംസ്ഥാനത്ത് തങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണെന്ന നിലപാടിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!