KSDLIVENEWS

Real news for everyone

ഗൂഢാലോചന, ഗൂഢാലോചന തന്നെ; ശബ്ദമുയർത്തി വിരട്ടാമെന്നു കരുതേണ്ട: മാധ്യമപ്രവർത്തകയ്‌ക്കെതിരായ കേസിൽ മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: മാധ്യമപ്രവർത്തകയ്ക്കെതിരെ ഗൂഢാലോചനയ്ക്കു കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്നും പൊലീസിൽ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയുണ്ടെങ്കിൽ അത്തരത്തിൽ കേസും വരും. ജോലിസ്ഥലത്ത് പോകുന്നതോ സാധാരണ നിലയിൽ മാധ്യമപ്രവർത്തനം നടത്തുന്നതോ ആരും തടയാൻ പോകുന്നില്ല. ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിങ്ങൾ അങ്ങനെയല്ലെന്ന് പറയുന്നു. അത് തെളിയിച്ചോളൂ. എനിക്ക് പൊലീസിൽ വിശ്വാസക്കുറവില്ല. കുറച്ച് ശബ്ദമുയർത്തി നേട്ടമുണ്ടാക്കാമെന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. 

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തേയും മുഖ്യമന്ത്രി വിമർശിച്ചു. ‘‘ഇതുപോലൊരു പരിപാടി നടക്കുമ്പോൾ അടിച്ചോണ്ടിരിക്കാൻ പറയുന്ന ഒരു നേതാവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അതാണോ പൊതു സംസ്കാരം? നിങ്ങൾക്ക് ആർക്കും അതൊരു പ്രശ്നമായി തോന്നുന്നില്ലല്ലോ. ഞാൻ പറഞ്ഞത് നിങ്ങൾ മറച്ചുവയ്ക്കുന്നു. കല്യാശേരി മണ്ഡലത്തിൽ ബസിനു മുന്നിൽ അവർ ചാടിയപ്പോൾ ഇത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. ആരും പ്രകോപനത്തിൽ കുടുങ്ങരുതെന്നും പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചത്. സംയമനം പാലിക്കാൻ ഞാൻ പറയുമ്പോഴും മറുഭാഗത്തുനിന്ന് അടിക്കാനുള്ള നിർദേശമാണ് വരുന്നത്’’ –മുഖ്യമന്ത്രി പറഞ്ഞു.

നവകേരള ബസിനു നേരെ കറുത്ത ഷൂ എറിഞ്ഞ കേസിലാണ് മാധ്യമപ്രവർത്തകയെയും പൊലീസ് പ്രതി ചേർത്തത്. 24 ന്യൂസിലെ റിപ്പോർട്ടർ വി.ജി.വിനീതയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കുറുപ്പംപടി പൊലീസ് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ 10ന് പെരുമ്പാവൂരിലെ നവകേരള സദസ്സിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്കു പോകുമ്പോൾ വൈകിട്ട് 4.15ന് എഎം റോഡിൽ ഓടക്കാലിയിൽ വച്ചാണു കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞത്. മാധ്യമപ്രവർത്തക എന്ന നിലയിൽ വിനീത മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇവർ ദൃശ്യം പകർത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇവരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് കേസ്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!