ഡിജിപി ഓഫീസ് മാർച്ചിലെ സംഘർഷം; കെ സുധാകരനെ ഒന്നാംപ്രതിയാക്കി കേസെടുത്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: ഡി.ജി.പി. ഓഫീസ് മാർച്ചിലെ സംഘർഷത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രണ്ടാംപ്രതിയും ആക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ അടക്കമുള്ളവരും കണ്ടാലറിയാവുന്ന അഞ്ഞൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ അടക്കം പ്രതി ചേർത്ത് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.

