കാർ ഇടിച്ച ഇരുചക്ര വാഹന യാത്രികന്റെ തലയറ്റ് തെറിച്ചു; കണ്ടെത്തിയത് മൂന്നരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ

ചിറ്റൂർ (പാലക്കാട്) ∙ നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. ശരീരത്തിൽ നിന്നു വേർപെട്ടു തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം പരേതനായ നാരായണന്റെ മകൻ മണികണ്ഠൻ (43) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ അമ്പാട്ടുപാളയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് അപകടം. മീൻ വിൽപനക്കാരനാണു മണികണ്ഠൻ.
പുതുനഗരത്തു നിന്നു മീനുമായി ഇരുചക്രവാഹനത്തിൽ ചിറ്റൂർ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു. ചിറ്റൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട്ഇടിക്കുകയായിരുന്നു. 35 മീറ്ററോളം അകലേയ്ക്കു തെറിച്ചുവീണ ഇരുചക്രവാഹനം കത്തിനശിച്ചു. മണികണ്ഠന്റെ ശരീരം കഷണങ്ങളായി മുറിഞ്ഞുപോയി. വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്.ഓമനയാണ് മണികണ്ഠന്റെ ഭാര്യ. മക്കൾ: മനു, ബിനു.

