KSDLIVENEWS

Real news for everyone

വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ്; ചോദ്യംചെയ്ത പോലീസിന് നേരേ ആക്രമണം, ജീപ്പും തകര്‍ത്തു

SHARE THIS ON

കോഴിക്കോട്: കാക്കൂരിൽ പോലീസിന് നേരേ ആക്രമണം. വാഹനങ്ങൾ തടഞ്ഞുള്ള പണപ്പിരിവ് ചോദ്യംചെയ്തതിനാണ് ഒരുസംഘം യുവാക്കൾ പോലീസിനെ അക്രമിച്ചത്. അക്രമികൾ പോലീസ് ജീപ്പും തകർത്തു. കാക്കൂർ എസ്.ഐ. അബ്ദുൾ സലാം അടക്കമുള്ള പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.


തിങ്കളാഴ്ച രാത്രി കാക്കൂർ ചേളന്നൂർ എട്ടേരണ്ടിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് രാത്രി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞുനിർത്തി പണപ്പിരിവ് നടത്തിയത്. പണം നൽകാത്തവരെ ഇവർ അസഭ്യംപറയുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞെത്തിയ കാക്കൂർ പോലീസിനെയും യുവാക്കൾ അക്രമിക്കുകയായിരുന്നു.

പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസും യുവാക്കളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ എസ്.ഐ. അടക്കമുള്ള പോലീസുകാരെ പ്രതികൾ ആക്രമിച്ചു. പോലീസ് ജീപ്പിന്റെ ചില്ലുകളും വയർലെസ്സ് സെറ്റിന്റെ ആന്റിനയും അടിച്ചുതകർത്തു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.




ചേളന്നൂർ കണ്ണങ്കര സ്വദേശികളായ കെ.എൻ.സുബിൻ(26) ഇ.എം.റിജീഷ്(29) വെസ്റ്റ്ഹിൽ സ്വദേശി ഇ.കെ.അജേഷ്(34) ഇരുവള്ളൂർ സ്വദേശി കെ.എം.അതുൽ(27) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. ഇവരെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!