KSDLIVENEWS

Real news for everyone

മുഖം മറച്ച്, മാധ്യമങ്ങളോട് പ്രതികരിക്കാതെ ഫ്രാന്‍സില്‍നിന്ന് തിരിച്ചയച്ച വിമാനത്തിലെ യാത്രക്കാര്‍

SHARE THIS ON


മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി മണിക്കൂറുകള്‍ക്കുശേഷം യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് അഞ്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിക്കുന്നത്.

303 യാത്രക്കാരുമായി ദുബായില്‍ നിന്ന് നിക്കരാഗ്വയ്ക്ക് പോയ വിമാനമാണ് മനുഷ്യക്കടത്ത് സംശയിച്ച് ഫ്രഞ്ച് അധികൃതര്‍ നാലു ദിവസത്തോളം തടഞ്ഞുവെച്ചത്. ഇവരില്‍ 276 യാത്രക്കാര്‍ മാത്രമാണ് തിരിച്ചെത്തിയത്. 25 പേര്‍ ഫ്രാൻസിൽ തന്നെ തുടരുകയാണ്.

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖം മറച്ചാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. ഇവരില്‍ കൂടുതല്‍ പേരും പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

വിമാനം വ്യാഴാഴ്ചയാണ് സാങ്കേതികത്തകരാറിനെത്തുടർന്ന് കിഴക്കൻ ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളെന്ന രഹസ്യവിവരത്തെത്തുടർന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. മനുഷ്യക്കടത്തും ഇമിഗ്രേഷന്‍ നിയമത്തിന്റെ ലംഘനവുമുള്‍പ്പടെയുള്ളവയെ പറ്റി അന്വേഷണം തുടരുകയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രേഖകളില്ലാതെ വിദേശികളെ കടത്താന്‍ ശ്രമിച്ചതിന് വിമാനത്തില്‍ നിന്നുള്ള രണ്ടു പേര്‍ പിടിയിലായിട്ടുമുണ്ട്. റൊമാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെജന്‍ഡ് എയര്‍ലൈന്‍സിന്റേതാണ് വിമാനം.

വിമാനത്തിലെ പലയാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. റൊമാനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയല്‍ലൈന്‍സിന്റെതാണ് വിമാനം.

അമേരിക്കയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് നിക്കര്വാഗേ.നിക്കര്വാഗേ വഴി അമേരിക്കയിലേക്ക് കടക്കുകയാണ് ഇവിടെ എത്തുന്നവരുടെ ലക്ഷ്യം. യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ വിഭാഗത്തിന്റെ കണക്കനുസരിച്ച്‌ 2023 സാമ്പത്തിക വര്‍ഷത്തില്‍ 96,917 ഇന്ത്യക്കാരാണ് അനധികൃതമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51.61 ശതമാനത്തിന്റെ വര്‍ധനവാണിത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് കടക്കാനായിരുന്നു 41770 ഇന്ത്യക്കാരുടെയും ശ്രമം. നിക്കര്വാഗേയിലേക്കോ യാത്രാ രേഖകള്‍ എളുപ്പം ലഭിക്കുന്ന മൂന്നാംനിര രാഷ്ട്രങ്ങളിലേക്കോ ഉള്ള വിമാനങ്ങള്‍ പൊതുവെ ഡുങ്കി ഫ്‌ളൈറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!