KSDLIVENEWS

Real news for everyone

അടിപിടിയിൽ പരുക്കേറ്റ ഫുട്ബോൾ താരം തൃക്കരിപ്പൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

SHARE THIS ON

തൃക്കരിപ്പൂർ∙ അടിപിടിയിൽ പരുക്കേറ്റ ഫുട്ബോൾ താരം ട്രെയിൻ തട്ടി മരിച്ച നിലയിൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ. കൊയങ്കരയിലെ കെ.ജനാർദ്ദനന്റെയും കാര്യത്ത് ചന്ദ്രമതിയുടെയും മകൻ കെ.അഭിജിത്തി (ജിത്തു–24)നെയാണ് തൃക്കരിപ്പൂർ രാമവില്യം റെയിൽവേ ഗേറ്റിനു പരിസരത്തായി പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി.കൊയങ്കരയിൽ നടത്തി വരുന്ന സൈക്കിൾ അഭ്യാസയജ്ഞത്തിനടുത്തുവച്ച് തിങ്കളാഴ്ച രാത്രി അഭിജിത്തിന് അടിയേറ്റിരുന്നു.മരക്കഷണം ഉൾപ്പെടെയുള്ള സാധനങ്ങളുമായി എത്തിയ നാലംഗ സംഘത്തിന്റെ അടിയേറ്റ് അഭിജിത്തിനു തലയ്ക്കും മറ്റും പരുക്കേറ്റു. 

ആദ്യം തൃക്കരിപ്പൂരിലെ ആശുപത്രിയിലും പിന്നീട് പയ്യന്നൂരിലെ ആശുപത്രിയിലും ചികിത്സ തേടിയ യുവാവ് രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ പുലർച്ചെയാണ് റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഭിജിത്ത് ഓടിച്ച ബൈക്ക് കാരോളം ഭാഗത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തി.അടുത്തിടെ ഒരു ക്ഷേത്രോത്സവത്തിൽ ഗാനമേളയ്ക്കിടെ ഒരു സംഘവുമായി അഭിജിത്ത് ഏറ്റുമുട്ടിയതായി പറയുന്നു. കഴിഞ്ഞദിവസത്തെ അടി പൂർവവൈരാഗ്യം മൂലമാണെന്നാണ് കരുതുന്നത്  ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. 

അഭിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് വീട്ടുകാർ ചന്തേര പൊലീസിൽ പരാതി നൽകി. സിഐ ജി.പി.മനുരാജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അന്വേഷണം നടത്തുന്നുണ്ട്.  മികച്ച ഗോൾകീപ്പറായ അഭിജിത്ത് കാസർകോട് ജില്ലാ ജൂനിയർ ഫ‍ുട്ബോൾ ടീമിന്റെയും പയ്യന്നൂർ കോളജിന്റെയും ഗോൾകീപ്പറായിരുന്നു. സഹോദരി: സാന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!