ബാബരിമസ്ജിദ് തകർത്താണ് രാമക്ഷേത്രമുണ്ടാക്കിയത്, ഉദ്ഘാടനത്തിന് കോൺഗ്രസ് പങ്കെടുക്കരുത്- വി.എം. സുധീരൻ

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്താണ് രാമക്ഷേത്രമുണ്ടാക്കിയതെന്നും അതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസിനെ ആര് ക്ഷണിച്ചാലും നിരാകരിക്കണമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് വി.എം. സുധീരൻ. ബി.ജെ.പിക്ക് കൃത്യമായ അജണ്ടയുണ്ട്. അവർ വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ ഉയർത്തി പിടിക്കുന്ന തീവ്ര ഹിന്ദുത്വ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിവിധി ജവഹർലാൽ നെഹ്രുവും ഇന്ദിരഗാന്ധിയും ഉയർത്തിപിടിച്ച മതേതര മൂല്യങ്ങൾ മാത്രമാണ്.
ബി.ജെ.പി. തീവ്ര ഹിന്ദുത്വ വർഗീയ നിലപാടുകൾ ആളികത്തിക്കാനുള്ള ഉപാധിയായി രാമക്ഷേത്ര നിർമാണത്തെയും ഉദ്ഘാടനത്തെയും മാറ്റുമ്പോൾ കോൺഗ്രസ് മാത്രമല്ല ജനാധിപത്യ മതേതര മൂല്യങ്ങളിൽ വിശ്വിക്കുന്ന ഒരു രാഷ്ട്രീയ കക്ഷികളും ഒരുകാരണവശാലും പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ അഭിപ്രായം പറഞ്ഞാൽ, അദാനിയെ എതിർത്താൽ, എതിർക്കുന്നവരുടെ അംഗത്വം റദ്ദാക്കുന്ന അവസ്ഥയാണുള്ളത്. 100 ൽ പരം പ്രതിപക്ഷ എംപിമാരെമാരെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയാണ് സുപ്രധാന നിയമങ്ങൾ പാസാക്കുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്ത് ഇന്ത്യയിൽ ഏകാധിപത്യ വാഴ്ച നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ രണ്ടാം സ്വാതന്ത്ര്യസമരം രാജ്യത്തിന് അനിവാര്യമായിരിക്കുന്നു. അതിന് നേതൃത്വം കൊടുക്കാൻ പര്യാപ്തമായ ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

