മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് മുഖാമുഖം; സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണറുടെ ചായസത്കാരം

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്ന രാജ്ഭവനില്‍ ശ്രദ്ധയാകര്‍ഷിക്കുക മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയാകും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് മഞ്ഞുരുകലിനുള്ള വേദിയാകുമോ എന്നതാണ് ശ്രദ്ധേയം.
രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും ഇന്ന് വൈകീട്ട് നാലിനാണ് മന്ത്രിമാരായി ഗവര്‍ണര്‍ക്കുമുന്നില്‍ സത്യപ്രതിജ്ഞചെയ്യുക. 900 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് രാജ്ഭവനില്‍ ഒരുക്കിയിട്ടുള്ളത്. ക്ഷണിതാക്കള്‍ക്കുമാത്രമേ പ്രവേശനമുള്ളൂ. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറുടെ ചായസത്കാരം ഉണ്ടാവും.
ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിലേക്കുവരെ തർക്കം എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനനില ഇല്ലാതാക്കുന്നതിനും ഭരണഘടനാസ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കും മുഖ്യമന്ത്രി വഴിവെക്കുന്നുവെന്ന ഗുരുതര ആരോപണം ഗവര്‍ണറും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സിനെ പരിഹസിച്ചുകൊണ്ടും ഗവര്‍ണര്‍ രംഗത്തെത്തി. തെരുവിലേക്ക് നീണ്ട തര്‍ക്കങ്ങള്‍ക്കിടെ ഡല്‍ഹിയിലേക്ക് പോയ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മടങ്ങിയെത്തിയത് ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്.
തന്റെ കാര്‍ തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങി പ്രതിഷേധക്കാരെ നേരിടുമെന്ന് ഗവര്‍ണര്‍ പറയുകുണ്ടായി. വിമാനത്താവളത്തില്‍ നിന്ന് മാധ്യമങ്ങളോട് ഇത് പറഞ്ഞ് രാജ്ഭവനിലേക്ക് പോകുംവഴി ജനറല്‍ ആശുപത്രിക്കും എ.കെ.ജി. സെന്ററിനും ഇടയില്‍വച്ച് റോഡരികില്‍നിന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനത്തിനു കരിങ്കൊടി വീശി. വിട്ടുകൊടുക്കാന്‍ ഭരണകക്ഷിയും തയ്യാറല്ലെന്ന സൂചനയാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.
ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസും, ഭരണഘടനാബാധ്യത നിറവേറ്റുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും പരാതിയും നല്‍കിയിട്ടുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിന് മാര്‍ഗരേഖ വേണമെന്നമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഭേദഗതി ചെയത് നല്‍കിയ ഹര്‍ജിയില്‍ ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തര്‍ക്കങ്ങള്‍ക്ക് ഒരറുതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023 ജനുവരി നാലിന് സജി ചെറിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണറെ വിളിച്ചപ്പോഴാണ് കഴിഞ്ഞ നയപ്രഖ്യാപനത്തിനുമുമ്പ് രൂക്ഷമായിരുന്ന ശീതസമരത്തിന് അറുതിയായത്.
ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിപദത്തിലേക്ക് തിരിച്ചെത്തുന്നതിനോട് ഗവര്‍ണര്‍ ആദ്യം യോജിച്ചിരുന്നില്ല. മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറെ അറിയിച്ചിട്ട് നാലുദിവസമായിട്ടും അദ്ദേഹം അതിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനിടയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ ഫോണില്‍വിളിച്ച് സംസാരിച്ചു. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചാണ് അന്ന് സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവന്‍ വേദിയായത്

