കോവിഡിനുശേഷം ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണത്തിൽ വർധന

കാസർകോട് ∙ കോവിഡിനുശേഷം ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണത്തിൽ വർധന. നവംബർ വരെ ജില്ലയിൽ 804 ക്ഷയരോഗികളെ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അഞ്ഞൂറോളം രോഗികൾ നിലവിൽ 6 മാസത്തെ ചികിത്സ നടത്തുന്നു. രോഗികളിൽ 70% പുരുഷൻമാരും 30% സ്ത്രീകളുമാണ്. ഇതിൽ 7% കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ക്ഷയരോഗ നിയന്ത്രണം ശക്തമാക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ ടിബി എലിമിനേഷൻ ബോഡ് യോഗം തീരുമാനിച്ചു. ക്ഷയരോഗ നിയന്ത്രണത്തിനു കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച എഡിഎം കെ.നവീൻബാബു പറഞ്ഞു. സ്‌കൂളുകളിൽ 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കു ക്വിസ് സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ കിടപ്പുരോഗികളെയും 2 മാസത്തിനകം ക്ഷയരോഗ പരിശോധനയ്ക്കു വിധേയരാക്കും.
കിടപ്പുരോഗികളിൽ ക്ഷയരോഗ സാധ്യത കൂടുതലായതിനാലാണു പരിശോധന നടത്തുന്നത്. ക്യാംപെയ്ൻ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത ജില്ലയാകാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജില്ലയിൽ കുട്ടികളിലെ ക്ഷയരോഗം കണ്ടെത്തുന്നതു കുറവായതിനാൽ പീഡിയാട്രിഷ്യൻമാർക്കു പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു. ഡപ്യൂട്ടി ഡിഎംഒ ഡോ.സന്തോഷ്, ഡിഎംഒ ഡോ.ഷീബ, ഡോ.എ.കെ.രേഷ്മ, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ടി.വി.സുഭാഷ്, ജില്ലാ ടിബി ഓഫിസർ ഇൻ ചാർജ് ഡോ.നാരായണ പ്രദീപ, ഡോ.ടി.കാസിം, എൻ.പി.പ്രശാന്ത്, കെ.ആർ.ദീപക്, കെആർ ജിഎംസി സൂപ്രണ്ട് ഡോ.ആർ.പ്രവീൺ, എസ്.രജനീകാന്ത് എന്നിവർ പ്രസംഗിച്ചു.

