KSDLIVENEWS

Real news for everyone

കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ പ്രവേശിച്ച് ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍; ഓപ്പറേഷന്‍ തുടങ്ങി

SHARE THIS ON

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്ന് കടൽകൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പലിൽ പ്രവേശിച്ച് ഇന്ത്യൻ നാവികസേന കമാൻഡോകൾ. 15 ഇന്ത്യക്കാരടങ്ങിയ കപ്പലിനെ മോചിപ്പിക്കുന്നതിനും കടൽകൊള്ളക്കാരെ തുരത്തുന്നതിനുമുള്ള ഓപ്പറേഷൻ ആരംഭിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.


ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയാണ് ദൗത്യത്തിലേർപ്പെട്ടിരിക്കുന്നത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യൻ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്റ്ററയച്ച് കടൽകൊള്ളക്കാർക്ക് കപ്പൽവിട്ടുപോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകൾ കപ്പലിൽ പ്രവേശിച്ചിരിക്കുന്നത്.

റാഞ്ചിയ കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും യുദ്ധകപ്പലിലെ സംഘം ഏത് ഓപ്പറേഷനും നടത്താനുള്ള തയ്യാറെടുപ്പുകളോടെയാണ് നിൽക്കുന്നതെന്നും സൈന്യം നേരത്തെ അറിയിച്ചിരുന്നു.


ലൈബീരിയൻ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാർ ചേർന്ന് വ്യാഴാഴ്ച വൈകീട്ടാണ് കപ്പൽ റാഞ്ചിയതെന്നാണ് റിപ്പോർട്ട്.

ബ്രസീലിലെ പോർട്ട് ഡു അകോയിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയിൽ നിന്ന് 300 നോട്ടിക്കൽ മൈൽ കിഴക്ക് നിന്ന് കടൽക്കൊള്ളക്കാർ എം.വി ലില നോർഫോക് എന്ന ചരക്കുകപ്പൽ ഹൈജാക്ക് ചെയ്തത്.


കപ്പൽ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികൾ ആരംഭിച്ചിരുന്നു. ഐഎൻഎസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!