ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണം; ഇറാഖി പ്രതിരോധ സംഘടന ഉപമേധാവിയെ വധിച്ചു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണം. ഇറാഖി പ്രതിരോധ സംഘടനയുടെ ഉപമേധാവിയെ വധിച്ചു.
പോപ്പുലര്‍ മൊബിലൈസേഷൻ ഫോഴ്സ് ഉപമേധാവി മുഷ്താഖ് താലിബ് അല്‍ സെയ്തിയാണ് കൊല്ലപ്പെട്ടത്. ഹറകത് അല്‍ നുജാബ മിലീഷ്യ ആസ്ഥാനത്തിന് സമീപം കാര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തെ ഇറാഖ് അപലപിച്ചു. ആവശ്യമായ നടപടിയെന്നാണ് പെന്റഗണിന്‍റെ പ്രതികരണം.
മേഖലയില്‍ ഹൂതികള്‍ക്ക് നേരെയടക്കം വിവിധയിടങ്ങളില്‍ ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുന്നതായി അമേരിക്കൻ ന്യൂസ് ഔട്ടലെറ്റ് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകളെ ആക്രമിച്ചാല്‍ ഹൂതികളെ ഇല്ലാതാക്കുമെന്ന് യുഎസ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിലെ കര്‍മൻ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് അമീര്‍ അബ്ദുല്ലാഹിയാനും – തുര്‍ക്കി വിദേശകാര്യമന്ത്രിയും ഫോണ്‍ സംഭാഷണം നടത്തിയത്. സ്ഫോടനത്തില്‍ 84 പേരാണ് കൊല്ലപ്പെട്ടതെന്നും ചാവേര്‍ ആക്രമണമാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരിച്ചു.
യുഎൻ രക്ഷാസമിതിയും ചൈനയും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തില്‍ ഇന്നും ഇറാനില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. യുഎസ്സിനും ഇസ്രായേലിനുമെതിരെയാണ് പ്രധാനമായും മുദ്രാവാക്യങ്ങള്‍. ആക്രമണത്തിലൂടെ സയണിസത്തിന്റേയും പിന്തുണക്കാരുടേയും ക്രിമിനല്‍ പ്രകൃതിയാണ് വ്യക്തമായതെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി പറഞ്ഞു.

