പാലക്കാട്ട് മുലപ്പാൽ നൽകി കിടത്തിയ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ

പുലാപ്പറ്റ (പാലക്കാട്): മുലപ്പാൽ നൽകി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ. വെട്ടംപറമ്പത്ത് കിഴക്കേതിൽ ചുമട്ടുതൊഴിലാളിയായ കൃഷ്ണകുമാറിന്റേയും സുമിഷയുടേയും മകൻ യുവാൻ ആണ് മരിച്ചത്.
അടുത്തുതന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർധരാത്രിയിൽ മുലപ്പാൽ കൊടുത്തിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയായിട്ടും കുഞ്ഞ് എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാല് തൊണ്ടയിൽ കുടുങ്ങിയതാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: അശ്വിത.

