ആകെ കളിച്ചത് 4 മത്സരങ്ങൾ; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ

കേപ്ടൗൺ ∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ. 2019 മുതൽ 2023 വരെ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായ ക്ലാസൻ ആകെ 4 മത്സരങ്ങൾ മാത്രമാണ് ഈ ഫോർമാറ്റിൽ കളിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെയാണ് താരം ടെസ്റ്റിൽ അരങ്ങേറിയത്. പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെ ഒരു മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരത്തിലും ക്ലാസൻ ടെസ്റ്റ് ജേഴ്സിയണിഞ്ഞു.
ടെസ്റ്റ് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഫോർമാറ്റ് ആണെന്നും വിരമിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചാണ് സ്വീകരിച്ചതെന്നും ക്ലാസൻ പറഞ്ഞു. 32കാരനായ താരം 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 5347 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 12 സെഞ്ചറികളും ഉൾപ്പെട്ടിട്ടുണ്ട്. 292 ആണ് ഉയർന്ന സ്കോർ. അതേസമയം ക്ലാസന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പരിമിത ഓവർ ക്രിക്കറ്റിൽ താരം തുടരുമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി.

