80 -കാരി കോടീശ്വരി പ്രേമിച്ചത് 57 -കാരനായ വീടില്ലാത്ത, മയക്കുമരുന്നിന് അടിമയെ, അന്വേഷണത്തില്‍ ഞെട്ടി മക്കളും

പ്രേമത്തിന് കണ്ണില്ല, മൂക്കില്ല എന്നെല്ലാം നാം പറയാറുണ്ട്. ചില പ്രണയങ്ങളൊക്കെ കാണുമ്ബോള്‍ ഈ പറയുന്നത് സത്യമാണല്ലോ എന്ന് തോന്നുകയും ചെയ്യും.അതുപോലെ യുഎസ്എയില്‍ 80 -കാരിയായ ഒരു കോടീശ്വരി പ്രണയിച്ചത് തെരുവില്‍ കഴിയുന്ന മയക്കുമരുന്നിന് അടിമയായ ഒരു 57 -കാരനെയാണ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള കരോലിൻ ഹോളണ്ട് എന്ന 80 -കാരിയാണ് ഈ കഥയിലെ നായിക. കരോലിന് രണ്ട് പെണ്മക്കളും ഉണ്ട്.
എന്തായാലും കരോലിൻ ഇപ്പോള്‍ ജീവനോടെ ഇല്ല. എന്നാല്‍, അവരുടെ പ്രണയകഥ മിക്കവര്‍ക്കും പരിചിതമാണ്. 2015 -ലാണ് കരോലിന് അവളുടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. അങ്ങനെ, രണ്ട് പെണ്മക്കളെയും നോക്കി ജീവിച്ച് വരികയായിരുന്നു കരോലിൻ. എന്നാല്‍, പയ്യെപ്പയ്യെ ഒറ്റപ്പെടലിന്റെ വേദന അവളെ തളര്‍ത്തി തുടങ്ങി. ആ സമയത്താണ് അവര്‍ 57 -കാരനായ ഡേവ് ഫൂട്ടിനെ കാണുന്നത്. അവരുടെ വീട്ടിലെ അല്ലറച്ചില്ലറ ജോലികളൊക്കെ ചെയ്യാൻ വന്നിരുന്ന ആളായിരുന്നു ഡേവ്. പിന്നാലെ, ഇരുവരും സുഹൃത്തുക്കളായി. അധികം വൈകാതെ തന്നെ ആ സൗഹൃദം പ്രണയത്തിലും എത്തിച്ചേര്‍ന്നു.
ഡേവിന് വീടില്ലായിരുന്നു. അവൻ മിക്കവാറും കഴിഞ്ഞിരുന്നത് ഒരു കടല്‍ത്തീരത്തായിരുന്നു. പ്രണയത്തിലായി അധികം കഴിയും മുമ്ബ് തന്നെ കരോലിൻ ഡേവിനെ തന്റെ ആഡംബരമാളികയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇരുവരും ഒരുമിച്ച് കഴിഞ്ഞു തുടങ്ങി. കരോലിന്റെ മക്കളായ സാലിയും സൂസനും ഇതോടെ ഒന്ന് ഭയന്നു. എന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. അമ്മയുടെ പേരിലാണെങ്കില്‍ അച്ഛനും അമ്മയും ചേര്‍ന്ന് സമ്ബാദിച്ച സ്വത്തുക്കള്‍ മുഴുവനും ഉണ്ടായിരുന്നു.
അതോടെ ഭയന്ന പെണ്മക്കള് അമ്മയുടെ കാമുകനെ കുറിച്ച് രഹസ്യമായി അന്വേഷിച്ചു. ആ അന്വേഷണത്തിലാണ് പൈപ്പ് ബോംബ് നിര്‍മ്മിച്ചതിന് 10 വര്‍ഷക്കാലം ജയിലില്‍ കിടന്നയാളാണ് തങ്ങളുടെ അമ്മയുടെ കാമുകൻ എന്ന ഞെട്ടിക്കുന്ന സത്യം അവര്‍ അറിയുന്നത്. തീര്‍ന്നില്ല, വാള്‍മാര്‍ട്ടില്‍ ബോംബിടാനും ഡേവിന് പദ്ധതിയുണ്ടായിരുന്നത്രെ.
കരോലിന് അള്‍ഷിമേഴ്സും ഉണ്ടായിരുന്നു. അങ്ങനെയുള്ള തങ്ങളുടെ അമ്മയെ പറ്റിച്ച് പണം തട്ടുക തന്നെയാണ് ഡേവിന്റെ ലക്ഷ്യം എന്ന് സാലിയും സൂസനും ഉറപ്പിച്ചു. പെണ്മക്കള് അമ്മയോട് ഇക്കാര്യമെല്ലാം പറഞ്ഞെങ്കിലും കരോലിൻ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. തന്റെ ഭര്‍ത്താവ് തന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാത്ത ആളായിരുന്നു. എന്നാല്‍, ഡേവ് അങ്ങനെയല്ല തന്നെ നന്നായി സ്നേഹിക്കുന്നുണ്ട്, തന്നെ നന്നായി നോക്കുന്നുണ്ട് എന്നെല്ലാമായിരുന്നു കരോലിന്റെ വാദം. താൻ കരോലിനെയും ഒരുപാട് സ്നേഹിക്കുന്നു എന്നായിരുന്നു ഡേവും പറഞ്ഞത്.
എന്നാല്‍, ഒരിക്കല്‍ മയക്കുമരുന്നിന് അടിമയായിരുന്നു ഡേവ്. ഭാര്യയെ മര്‍ദ്ദിച്ചതും കുഞ്ഞിനെ നോക്കാത്തതും ബോംബ് നിര്‍മ്മിച്ചതുമടക്കം അനേകം കുറ്റങ്ങള്‍ വേറെയും. ഇക്കാര്യങ്ങളെല്ലാം സാലിയേയും സൂസനേയും ആശങ്കയിലാഴ്ത്തി.
കരോലിന്റെ അവസാന കാലത്ത് അവരുടെ ആരോഗ്യം വളരെ മോശമായി. ആ സമയം ഡേവിനെ കാണാൻ മക്കള്‍ അമ്മയെ അനുവദിച്ചില്ല. കരോലിന്റെ മരണവാര്‍ത്തയും ഡേവിനെ അറിയിച്ചില്ല. കരോലിന്റെയും മരിച്ചുപോയ ഭര്‍ത്താവിന്റെയും സ്വത്തുക്കളുടെ അവകാശം അങ്ങനെ മക്കളില്‍ തന്നെ എത്തിച്ചേര്‍ന്നു.
കരോലിൻ മരിച്ചതോടെ ഡേവ് വീണ്ടും വീടില്ലാത്തവനായി. അവര്‍ ഒരിക്കല്‍ വാങ്ങി നല്കിയ വാൻ ഓടിച്ചും ഫാൻസി ആഭരണങ്ങള്‍ വിറ്റുമാണ് ഡേവ് ജീവിച്ചത്. താൻ കരോലിനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നാണ് ഡേവ് ഇപ്പോഴും പറയുന്നത്. ശരിക്കും ഡേവിന് കരോലിനോട് പ്രണയമായിരുന്നോ, അതോ ഒരു വീടിനും പണത്തിനും വേണ്ടി പ്രണയം നടിച്ചതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

