KSDLIVENEWS

Real news for everyone

മിസോറാം അതിർത്തിയിൽ സംഘർഷം , നിരവധി പേർക്ക് പരിക്ക്

SHARE THIS ON

ഗുവഹാട്ടി: അസം-മിസോറാം അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. അസമിലെ കച്ചാര്‍ ജില്ലയിലെ ലൈലാപ്പുര്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.അക്രമികള്‍ നിരവധി കുടിലുകള്‍ക്ക് തീയിട്ടു.

അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ മിസോറാമിലെ വെറെങ്‌ടെയിലിനടുത്തുള്ള സൈഹൈപുയി വി ഗ്രാമത്തിന് സമീപം കാവല്‍ നില്‍ക്കുന്ന പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന കുടിലുകള്‍ പൊളിച്ചുമാറ്റിയതാണ് സംഘര്‍ഷത്തിന് കാരണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ യാത്രകള്‍ പരിശോധിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ കാവല്‍ നിന്നിരുന്നത്. ഇവര്‍ക്ക് നേരെ അസമില്‍ നിന്നുള്ള ചിലര്‍ കല്ലെറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫീസിനേയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഫോണിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം മിസോറം മുഖ്യമന്ത്രിയുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!