KSDLIVENEWS

Real news for everyone

മകനെ കൊന്നത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്, മൂക്കിൽനിന്ന് ചോര; കൊല്ലാൻ ഉദ്ദേശിച്ചില്ലെന്ന് മൊഴി

SHARE THIS ON

പനജി: ഗോവയിലെ ഹോട്ടലില്‍ നാലുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്. തലയണ മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പായ ‘മൈന്‍ഡ്ഫുള്‍ എ.ഐ. ലാബി’ന്റെ സി.ഇ.ഒ.യായ സുചന സേത്ത്(39) ആണ് നാലുവയസ്സുള്ള മകനെ ഹോട്ടല്‍മുറിയില്‍വെച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് കടന്ന യുവതിയെ ചിത്രദുര്‍ഗയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട നാലുവയസ്സുകാരന്റെ മൃതദേഹം ചിത്രദുര്‍ഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനടത്തിയ പ്രാഥമിക പരിശോധനയിലാണ് ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലെത്തിയത്. കുഞ്ഞിന്റെ മുഖവും നെഞ്ചും ചീര്‍ത്തനിലയിലായിരുന്നു. ശ്വാസംമുട്ടിച്ചത് കാരണമാണ് ഇതുസംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കുഞ്ഞിന്റെ മൂക്കില്‍നിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹം പരിശോധിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.


അതിനിടെ, കുഞ്ഞിനെ കൊല്ലാന്‍ ഒരിക്കലും താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി സുചന സേത്ത് പോലീസിന് നല്‍കിയ മൊഴി. മകനെ അത്രത്തോളം സ്‌നേഹിച്ചിരുന്നു. പക്ഷേ, അവന്‍ പെട്ടെന്ന് മരിച്ചുപോയി. മകന്‍ മരിച്ചതിന് പിന്നാലെ താന്‍ ഭയന്നുപോയെന്നും മകന്റെ മൃതദേഹത്തിന് സമീപം ഏറെനേരം ഇരുന്നതായും സുചന സേത്ത് പറഞ്ഞു. ഇതിനുശേഷമാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം സുചനയും മലയാളിയായ ഭര്‍ത്താവ് വെങ്കിട്ടരാമനും വിവാഹമോചനക്കേസ് ഫയല്‍ചെയ്തിരുന്നു. കേസിന്റെ നടപടികള്‍ അവസാനഘട്ടത്തിലിരിക്കെയാണ് സുചന നാലുവയസ്സുള്ള മകനെ അതിദാരുണമായി കൊലപ്പെടുത്തിയത്. എല്ലാ ഞായറാഴ്ചയും മകനെ അച്ഛനൊപ്പം വിട്ടയക്കണമെന്ന കോടതിവിധിയാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. മകനെ ഭര്‍ത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ശനിയാഴ്ച തന്നെ ഗോവയില്‍ എത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

ജനുവരി ആറാം തീയതിയാണ് നാലുവയസ്സുള്ള മകനുമായി സുചന നോര്‍ത്ത് ഗോവയിലെ കന്‍ഡോലിമിലെ ഹോട്ടലിലെത്തിയത്. രണ്ടുദിവസത്തെ താമസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയോടെ യുവതി മുറിയൊഴിഞ്ഞു. എന്നാല്‍, ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ മകന്‍ യുവതിയുടെ കൂടെയുണ്ടായിരുന്നില്ല. ഒരു വലിയ ബാഗുമായാണ് യുവതി ഹോട്ടലില്‍നിന്ന് മടങ്ങിയതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.

മുറിയൊഴിയുന്നതിന് മുന്‍പ് ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകാനായി ടാക്സി ബുക്ക് ചെയ്യാന്‍ യുവതി ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. റോഡ് മാര്‍ഗം ഏകദേശം 12 മണിക്കൂര്‍ സമയമെടുക്കുമെന്നും കുറഞ്ഞനിരക്കില്‍ ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് ലഭ്യമാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും ടാക്സി മതിയെന്നായിരുന്നു സുചനയുടെ നിലപാട്. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ ടാക്സി ബുക്ക് ചെയ്തുനല്‍കി. പിന്നാലെ യുവതി ബാഗുമായി ഹോട്ടലില്‍നിന്ന് തനിച്ച് യാത്രതിരിച്ചു.

യുവതി ഹോട്ടല്‍വിട്ടതിന് പിന്നാലെ ഇവര്‍ താമസിച്ചിരുന്ന മുറി വൃത്തിയാക്കാനായി ജീവനക്കാര്‍ എത്തിയിരുന്നു. ഈ സമയത്താണ് മുറിയിലെ ചോരപ്പാടുകള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സംശയംതോന്നിയ ഹോട്ടല്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസ് സംഘം, മകനുമായി മുറിയെടുത്ത യുവതി തിരികെമടങ്ങിയത് ഒറ്റയ്ക്കാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്സി ഡ്രൈവറെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു.

സുചനയില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നു പോലീസിന്റെ ആദ്യശ്രമം. മകന്‍ എവിടെയാണെന്ന് ഇന്‍സ്പെക്ടര്‍ ചോദിച്ചപ്പോള്‍ മകനെ ഗോവയിലെ ഒരുസുഹൃത്തിന്റെ വീട്ടില്‍ ഏല്‍പ്പിച്ചെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ സുഹൃത്തിന്റെ വിലാസം നല്‍കാന്‍ പോലീസ് ആവശ്യപ്പെടുകയും ഇതനുസരിച്ച് യുവതി ഒരു വിലാസം അയച്ചുനല്‍കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ വളരെ തന്ത്രപൂര്‍വമായിരുന്നു പോലീസിന്റെ ഇടപെടല്‍.

യുവതി നല്‍കിയ വിലാസം വ്യാജമാണെന്ന് തെളിഞ്ഞതോടെ എത്രയുംവേഗം ഇവരെ കസ്റ്റഡിയിലെടുക്കുക എന്നതായിരുന്നു പോലീസിന്റെ ലക്ഷ്യം. ഇതിനായി വീണ്ടും ടാക്സി ഡ്രൈവറുടെ സഹായംതേടി. യുവതിക്ക് സംശയം തോന്നാതിരിക്കാന്‍ പ്രാദേശികമായി ഉപയോഗിക്കുന്ന കൊങ്കിണി ഭാഷയിലാണ് ഇത്തവണ ഇന്‍സ്പെക്ടറും ഡ്രൈവറും ഫോണില്‍ സംസാരിച്ചത്. എത്രയുംവേഗം കാറിലുള്ള യുവതിയുമായി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വാഹനം എത്തിക്കണമെന്നായിരുന്നു ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദേശം. ഈ സമയം കാര്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ എത്തിയിരുന്നു. തുടര്‍ന്ന് യുവതിക്ക് യാതൊരു സംശയവും തോന്നാത്തരീതിയില്‍ ടാക്സി ഡ്രൈവര്‍ ഏറ്റവും അടുത്തുള്ള അയമംഗല പോലീസ് സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ടു. ഉടന്‍തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ കാറില്‍നിന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് ബാഗില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈന്‍ഡ്ഫുള്‍ എ.ഐ. ലാബ്’ എന്ന എ.ഐ. സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമാണ് സുചന സേത്. ഡാറ്റ സയന്‍സുമായി ബന്ധപ്പെട്ട മേഖലയില്‍ 12 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ടെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ യുവതി അവകാശപ്പെടുന്നത്. ചെന്നൈയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ശേഷം കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഫിസിക്സില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍വാഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ റിസര്‍ച്ച് ഫെലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യുവതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ അവകാശപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!