KSDLIVENEWS

Real news for everyone

ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ്

SHARE THIS ON

തിരുവനന്തപുരം: ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. താൻ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരിൽ കോടികൾ തനിക്ക് നഷ്ടമായെന്നും ബിജു രമേശ് പറഞ്ഞു. ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞ് മാധ്യമങ്ങളോട് വെളിപ്പെടുത്തണമന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി ബന്ധപ്പെട്ടിരുന്നു. എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് പറഞ്ഞത്. മാധ്യമങ്ങളോട് പറയേണ്ട കാര്യം ജോൺ കല്ലാട്ടിന്റെ മെയിലിൽ നിന്നും തനിക്ക് വന്നിരുന്നു. ഇക്കാര്യമെല്ലാം അന്വേഷിച്ചാൽ വ്യക്തമാവും. ആരോപണം പിൻവലിച്ചില്ലെങ്കിൽ ഉൻമൂലനം ചെയ്തുകളയുമെന്ന് പറഞ്ഞിരുന്നുവെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ജോസ് കെ.മാണി പറയുന്നത്. ഇത് ശരിയല്ല. ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എന്നിവരുമായാണ്. ബാർ കോഴ ഉണ്ടായിരുന്നില്ലെങ്കിൽ മാണി സാർ എൽ.ഡി.എഫിലേക്ക് വരുമായിരുന്നുവെന്നാണ് അന്ന് തന്നോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും എൽ.ഡി.എഫിലേക്ക് പോവുമായിരുന്നുവെങ്കിൽ ആരോപണം ഉന്നയിക്കില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
കേസ് ഇല്ലായിരുന്നുവെങ്കിൽ കെ.എം മാണി മുഖ്യമന്ത്രിയാവുമായിരുന്നുവെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കിൽ ബാറുകളും തുറന്ന് കിട്ടുമായിരുന്നു. എൽ.ഡി.എഫിന് അഴിമതിക്കാരെ കൂട്ട് പിടിക്കേണ്ട ആവശ്യമില്ലായിരുന്നു. നല്ല രീതിയിൽ മുന്നോട്ട് പോവുന്ന സർക്കാർ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു.പഴയ സർക്കാർ ഒരു കറവപശുവിനെ പോലെയാണ് ബിസിനസുകാരേയും മറ്റുമെല്ലാം കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ച് വാങ്ങി. എന്നാൽ ഈ സർക്കാർ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്ക് വരുമ്പോൾ പഴയ രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
കെ.ബാബുവിന്റെ നിർദേശ പ്രകാരം പലർക്കും പണം വീതം വെച്ച് നൽകി. 50 ലക്ഷം രൂപ കെ.ബാബുവിന്റെ ഓഫീസിൽ കൊണ്ടു നൽകി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിൽ നൽകി. 25 ലക്ഷം രൂപ വി.എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!