KSDLIVENEWS

Real news for everyone

ലൈഫ് മിഷൻ പദ്ധതി: ജില്ലയിൽ പൂർത്തീകരിച്ചത് 14,216 വീടുകൾ

SHARE THIS ON

കാസർകോട് : ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ പൂർത്തീകരിച്ചത് 14,216 വീടുകൾ. 2017-ൽ തുടങ്ങിയ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 2884 വീടുകളും രണ്ടാംഘട്ടത്തിൽ 3573 വീടുകളും പൂർത്തിയാക്കി. ഭൂരഹിതർക്ക് ഭൂമിയും വീടും നൽകാൻ തീരുമാനിച്ച മൂന്നാംഘട്ടത്തിൽ 931 പേർക്ക് വീടുകൾ നിർമിച്ചുനൽകി. 2020-ൽ തുടങ്ങിയ ‘ലൈഫ് 2020’ പദ്ധതിയിലൂടെ 255 വീടുകളും നിർമിച്ചു.

കുടുംബശ്രീ നടത്തിയ സർവേയിലൂടെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഭവനനിർമാണം പാതിവഴിയിലായ 2920 ഗുണഭോക്താക്കളാണ് ഒന്നാം ഘട്ടത്തിലുണ്ടായത്. അതിൽ 36 വീടുകൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. രണ്ടാംഘട്ടത്തിൽ 3632 ഗുണഭോക്താക്കളുമായി കരാറിൽ ഏർപ്പെട്ടു. അതിൽ 46 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. മൂന്നാം ഘട്ടത്തിൽ 3233 ഗുണഭോക്താക്കളെയാണ് പദ്ധതിയിലേക്ക് അർഹരായി കണ്ടെത്തിയത്. ഇതിൽ 1060 പേരുമായി കരാറിലേർപ്പെട്ടു. 931 വീടുകൾ പൂർത്തീകരിച്ചപ്പോൾ 114 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

ഭൂമിയുള്ള ഭവനരഹിതർക്ക് പദ്ധതിയിലൂടെ വീട് നിർമിച്ച് നൽകാൻ പട്ടികജാതി വകുപ്പ്, പട്ടികവർഗ വകുപ്പ്, ഫിഷറീസ് വകുപ്പുകൾ അപേക്ഷകൾ സ്വീകരിച്ച് ലൈഫ് മിഷന് കൈമാറിയതിൽ 3382 ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു. 2244 ഗുണഭോക്താക്കളുമായി കരാറിലേർപ്പെട്ടു. 1590 വീടുകൾ പൂർത്തീകരിച്ചു. 555 വീടുകളുടെ നിർമാണം നടക്കുകയാണ്. ലൈഫ് പദ്ധതിയിലൂടെ ഭൂരഹിത ഭവനരഹിതർക്ക് ഭൂമിയും വീടും നൽകാൻ അപേക്ഷ സ്വീകരിച്ചതിലൂടെ 768 ഗുണഭോക്താക്കളെ കണ്ടെത്തി. 122 ഗുണഭോക്താക്കളുമായി കരാറിൽ ഏർപ്പെട്ടു. 122 പേർക്ക് ഭൂമി അനുവദിച്ചു. 55 പേർക്ക് ഭൂമിയും വീടും നൽകി. 56 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അർഹരായ ഗുണഭോക്താക്കൾക്കെല്ലാം വീട് നൽകുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.വത്സൻ പറഞ്ഞു

മനസ്സറിഞ്ഞ് നൽകിയത് 2.80 ഏക്കർ;

ഭൂരഹിത ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലൂടെ ജില്ലയിൽ അഞ്ചുപേരാണ് ഭൂമി നൽകിയത്. വിവിധ വില്ലേജുകളിലായി 2.80 ഏക്കറാണ് ഇവർ നൽകിയത്. കൊളത്തൂർ വില്ലേജിൽ അബ്ദുൾ റഹിമാൻ (10 സെന്റ്), കള്ളാർ വില്ലേജിൽ എം.സി.ജോസ് (ഒരേക്കർ), കുറ്റിക്കോൽ വില്ലേജിൽ എ.ജി.നായർ (ഒരേക്കർ), മുന്നാട് വില്ലേജിൽ ആലീസ് ജോസഫ് (60 സെന്റ്), മടിക്കൈ വില്ലേജിൽ ടി.വി.സുരേഷ് (10 സെന്റ്) എന്നിവരാണ്‌ ഭൂമി കൈമാറിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!