KSDLIVENEWS

Real news for everyone

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിന് പാര്‍ലമെന്‍ററി സംവിധാനത്തില്‍ സ്ഥാനമില്ല -കോണ്‍ഗ്രസ്

SHARE THIS ON

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് കോണ്‍ഗ്രസ്.

ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് പാർലമെന്‍ററി സംവിധാനത്തില്‍ സ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തന്‍റെ പാർട്ടി ഈ ആശയത്തെ ശക്തമായി എതിർക്കുന്നുവെന്ന് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉന്നതതല സമിതി സെക്രട്ടറി നിതൻ ചന്ദ്രക്ക് അയച്ച കത്തില്‍ ഖാർഗെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് വളരെ ഉയർന്നതാണെന്ന വാദവും മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് ക്ഷേമപദ്ധതികളെയോ വികസന പ്രവർത്തനങ്ങളെയോ ദോഷകരമായി ബാധിക്കുമെന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് ഖാർഗെ വ്യക്തമാക്കി. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ കാലാവധി പൂർത്തിയാകാത്ത നിരവധി നിയമസഭകളെ പിരിച്ചുവിടേണ്ടിവരും. അത് ആ സംസ്ഥാനങ്ങളിലെ വോട്ടർമാരോടുള്ള വഞ്ചനയാണെന്നും ഖാർഗെ പറഞ്ഞു. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ്

നടപ്പാക്കുന്നതിന് സംസ്ഥാന നിയമസഭകളുടെ നിബന്ധനകള്‍ പാർലമെന്‍റുമായി എങ്ങനെ സമന്വയിപ്പിക്കാം എന്ന ചോദ്യത്തിന് സമിതി ഭരണഘടനാസ്ഥാപനമല്ലാത്ത നിതി ആയോഗിന്‍റെ റിപ്പോർട്ടിനെ ആശ്രയിക്കുന്നതായി തോന്നുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു.

ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന്, തമിഴ്‌നാടും കേരളവും ഉള്‍പ്പെടെയുള്ള ചില സംസ്ഥാന അസംബ്ലികളുടെ കാലാവധി വെട്ടിക്കുറക്കണമെന്ന് ഇത് നിർദേശിക്കുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാന നിയമസഭകളുടെ കാലാവധി രണ്ട് വർഷത്തില്‍ കൂടുതല്‍ നീട്ടണം. അടിയന്തര വ്യവസ്ഥകള്‍ക്കല്ലാതെ സംസ്ഥാന അസംബ്ലികള്‍ പിരിച്ചുവിടാനോ സംസ്ഥാന സർക്കാരുകളെ സസ്പെൻഡ് ചെയ്യാനോ ഭരണഘടനയില്‍ ഒരിടത്തും കേന്ദ്ര സർക്കാരിന് അധികാരം നല്‍കുന്നില്ലെന്നും ഖാർഗെ കത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!