KSDLIVENEWS

Real news for everyone

ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന്റെ വീടിന് മുന്നില്‍ വൻ പ്രതിഷേധം

SHARE THIS ON

ടെല്‍അവീവ്: ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരൻമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് വൻ പ്രതിഷേധം.

നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം. നിങ്ങളുടെ കാല്‍ക്കീഴില്‍ വീഴുന്ന കാലം കഴിഞ്ഞുവെന്നും തങ്ങള്‍ക്ക് മറുപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

നെതന്യാഹു ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയവരുടെ ആവശ്യം. 105 ദിവസങ്ങള്‍ ഞങ്ങള്‍ കാത്തിരുന്നു. ഇനിയെങ്കിലും ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. നിങ്ങളുടെ നേതൃത്വത്തിന്റെ കരുത്ത് തെളിയിക്കണം. ബന്ദികളെ മോചിപ്പിക്കാൻ എന്ത് പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അതേസമയം, സംഘർഷം രൂക്ഷമായ ഗസ്സയില്‍ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ 142 പേർകൂടി കൊല്ലപ്പെട്ടു. 278 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാർപ്പിട സമുച്ചയത്തിലുണ്ടായ

വ്യോമാക്രമണത്തില്‍ 12 പേരും ഖാൻ യൂനിസില്‍ 10 പേരും കൊല്ലപ്പെട്ടു.

29 മൃതദേഹങ്ങള്‍ ദേർ എല്‍ ബലാഹിലെ അല്‍ അഖ്സ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം ഗസ്സയില്‍ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!