KSDLIVENEWS

Real news for everyone

100 കോടി രൂപ, ജർമൻ സാങ്കേതികവിദ്യ, 12 മീറ്റർ വീതി’; എല്ലാം വാഗ്ദാനങ്ങൾ മാത്രം, ചേർക്കള-ജാൽസൂർ റോഡ് യാത്രക്കാർക്ക് ദുസ്സഹം

SHARE THIS ON

ബോവിക്കാനം: 100 കോടി രൂപ, ജർമൻ സാങ്കേതികവിദ്യ, 12 മീറ്റർ വീതി. രണ്ടര വർഷത്തിനിടയിൽ കേട്ട ഈ പ്രഖ്യാപനങ്ങൾ നടപ്പിലായിരുന്നെങ്കിൽ ചെർക്കള – ജാൽസൂർ റോഡ് എന്നേ യാത്രക്കാരുടെ പറുദീസയാകുമായിരുന്നു. എന്നാൽ ഇതെല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമായി തീർന്നപ്പോൾ യാത്രക്കാർക്കു നരകയാതനയും. വളവുകൾ ഏറെയുള്ള റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതിനാൽ അപകടങ്ങളും വർധിച്ചു. ദേശീയപാത കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും തിരക്കുള്ള റോഡുകളിലൊന്നാണു ചെർക്കള-ജാൽസൂർ റോഡ്.

ദേശീയപാത 66ൽ ചെർക്കളയിൽനിന്നു തുടങ്ങി കർണാടകയിലെ ജാൽസൂരിൽ തീരുന്ന 39 കിലോമീറ്റർ റോഡ് ഒടുവിൽ ടാറിങ് നടത്തിയത് 2008ലാണ്. അതിനുശേഷം കുഴികൾ അടയ്ക്കുക മാത്രമാണുണ്ടായത്. ആദ്യം പ്രഖ്യാപിച്ച 100 കോടി ഇതുൾപ്പെടെ 5 റോഡുകൾക്കാണ് അനുവദിച്ചതും. ഇതിന്റെ ഭേദഗതി വരുത്തിയ എസ്റ്റിമേറ്റിനു ഭരണാനുമതി ലഭിച്ചിട്ടില്ല. വീതി കൂട്ടാതെയുള്ള റീ ടാറിങ്ങാണ് ഒടുവിൽ കെഎസ്ടിപി തയാറാക്കിയ എസ്റ്റിമേറ്റിലുള്ളത്. ഈ റോഡിനു ശാപമോക്ഷം കിട്ടാൻ എത്രകാലം കാത്തിരിക്കണമെന്നാണു യാത്രക്കാരും നാട്ടുകാരും ഒരുപോലെ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!