രക്താർബുദം ഭേദമാകാൻ അഞ്ചുവയസ്സുകാരനെ ഗംഗയില്‍ മുക്കി; കുട്ടി മരിച്ചു, മാതാപിതാക്കള്‍ക്കെതിരേ കേസ്;

ഹരിദ്വാര്‍: രക്താര്‍ബുദം ഭേദമാക്കാനെന്ന പേരിൽ അഞ്ചു വയസ്സുകാരനെ മാതാപിതാക്കള്‍ ഗംഗാനദിയില്‍ പലതവണകളായി ദീര്‍ഘനേരം മുക്കിയതിനേത്തുടർന്ന് കുട്ടി മരിച്ചു. സംഭവത്തിൽ മതാപിതാക്കളുടെ പേരില്‍ പോലീസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. കുട്ടിയെ വീണ്ടും വീണ്ടും നദിയില്‍ മുക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്.
ഡല്‍ഹിയില്‍ നിന്നുള്ള ദമ്പതികളാണ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയത്. ദീര്‍ഘനേരം കുട്ടിയെ വെള്ളത്തില്‍ മുക്കിത്താഴ്ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നിരവധി ആളുകള്‍ ദമ്പതികളോടും കൂടെയുണ്ടായിരുന്ന ബന്ധുവിനോടും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുട്ടിയുടെ അമ്മയടക്കമുള്ളവര്‍ ഇത് വകവെച്ചില്ല. തുടര്‍ന്ന് ചിലര്‍ ബലംപ്രയോഗിച്ച് കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കടുത്ത ശൈത്യത്തില്‍ തണുത്തുറഞ്ഞ നദിയില്‍ കുട്ടിയെ ദീര്‍ഘനേരം മുക്കിയതാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുമായി മാതാപിതാക്കളും ബന്ധുവായ സ്ത്രീയും ബുധനാഴ്ചയ രാവിലെയാണ് ഹരിദ്വാറിലേക്കെത്തിയത്. രക്താര്‍ബുദ ബാധിതനായ കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച ടാക്സി ഡ്രൈവര്‍ പറഞ്ഞു.
‘കുട്ടി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ അർബുദ ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഒടുവില്‍ ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചു, കുട്ടിയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഇനി ഗംഗാ നദിക്ക് മാത്രമേ കുട്ടിയെ സുഖപ്പെടുത്താന്‍ കഴിയൂ എന്ന് പറഞ്ഞാണ് കുട്ടിയുമായി കുടുംബം എത്തിയത്’, ഹരിദ്വാര്‍ സിറ്റി പോലീസ് മേധാവി സ്വതന്ത്ര കുമാര്‍ പറഞ്ഞു.
കൂടെ ഉണ്ടായിരുന്ന ബന്ധുവായ സ്ത്രീയാണ് കുട്ടിയെ വെള്ളത്തില്‍ മുക്കിയത്. മാതാപിതാക്കള്‍ തൊട്ടുടുത്തുനിന്ന് പ്രാര്‍ഥന ചെല്ലുന്നുണ്ടായിരുന്നു. കുട്ടിയെ വളരെനേരം ഇവര്‍ വെള്ളത്തില്മുക്കുന്നത് കണ്ട സമീപത്തുണ്ടായിരുന്നവര്‍ക്ക് അസ്വസ്ഥത തോന്നി. ആളുകള്‍ പലതവണ പറഞ്ഞിട്ടും ഇവര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ചില ആളുകള്‍ ബലംപ്രയോഗിച്ച് കുട്ടിയെ പിടിച്ചെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ ബന്ധുവായ സ്ത്രീ അക്രമാസക്തമായി പെരുമാറുന്നതും വീഡിയോയിലുണ്ട്.
കുട്ടി മരിച്ചതിന് ശേഷം മൃതദേഹത്തിനരികെ ഇരുന്ന ബന്ധുവായ സ്ത്രീ അവന് തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറയുന്നതും മറ്റൊരു വീഡിയോയിലുണ്ട്. നിലവില്‍ കസ്റ്റഡിയിലെടുത്ത ബന്ധുവിനേയും കുട്ടിയുടെ മാതാപിതാക്കളേയും പോലീസ് ചോദ്യംചെയ്തുവരികയാണ്.

