KSDLIVENEWS

Real news for everyone

ഗാസയിൽ വംശഹത്യയ്ക്ക് തെളിവുണ്ട്, മാനുഷിക സഹായങ്ങൾക്ക് നിർബന്ധമായും അനുവാദം നൽകണം ; ഐ.സി.ജെയുടെ ഇടക്കാല വിധി

SHARE THIS ON

ഹേഗ്: ഗാസയില്‍ ഇസ്രയേല്‍ വശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ ഇടക്കാല വിധി പ്രഖ്യാപിച്ച് കോടതി. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ബന്ധമായി അനുവാദം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ ഇടപെട്ട് അടിയന്തര നടപടികള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഐ.സി.ജെയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കിയ കോടതി വംശഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്രയേലിനോട് നിര്‍ദ്ദേശിച്ചു.

17 അംഗ ജഡ്ജിമാരുടെ പാനലാണ് ഇടക്കാല വിധി പറഞ്ഞത്. നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് 05:30-ഓടെയാണ് വിധിപ്രഖ്യാപനം ആരംഭിച്ചത്.

വിധിപ്രഖ്യാപനത്തിലെ പ്രസക്തഭാഗങ്ങള്‍

ഗാസയില്‍ വംശഹത്യ നടക്കുന്നുവെന്നതിന് മതിയായ തെളിവുണ്ട്. അതിനാല്‍ കേസ് തള്ളിക്കളയില്ല.
കേസ് നല്‍കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് അവകാശമുണ്ട്.
ഇസ്രയേലിനെതിരായ ചില ആരോപണങ്ങള്‍ 1948-ലെ വംശഹത്യാ കണ്‍വെന്‍ഷന്റെ പരിധിയില്‍ ഉള്‍പ്പെടും. കണ്‍വെന്‍ഷന്‍ പ്രകാരം പാലസ്തീനികള്‍ വംശഹത്യയില്‍നിന്ന് സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണ്.

പലസ്തീനികള്‍ക്കെതിരായ നിരവധി ഇസ്രയേലി ഉന്നതരുടെ ‘മനുഷ്യത്വരഹിതമായ പരാമര്‍ശങ്ങള്‍’ കോടതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. (‘മനുഷ്യമൃഗങ്ങള്‍’ക്കെതിരെയാണ് യുദ്ധമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തോട് പറഞ്ഞിരുന്നു. ഒപ്പം, ഗാസയ്ക്കുമേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ രണ്ട് പരാമര്‍ശങ്ങളും കോടതി എടുത്തുപറഞ്ഞു).
വംശഹത്യ തടയാനുള്ള സാധ്യമായ എല്ലാ നടപടികളും ഇസ്രയേല്‍ സ്വീകരിക്കണം. സൈന്യം വംശഹത്യ നടത്തുന്നില്ലെന്നും വംശഹത്യാ ആരോപണത്തില്‍ തെളിവുകള്‍ നശിപ്പിക്കുന്നില്ലെന്നും ഇസ്രയേല്‍ ഉറപ്പാക്കണം. വംശഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാനായി ഇസ്രയേല്‍ എന്തെല്ലാം ചെയ്തുവെന്ന് ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഈ വിധി ഇസ്രയേലിന് അന്താരാഷ്ട്രതലത്തില്‍ നിയമപരമായ ബാധ്യതകള്‍ നല്‍കുന്നതാണ്.
ഗാസയില്‍ വംശഹത്യ നടത്തണമെന്നുള്ള ആഹ്വാനങ്ങള്‍ തടയണം. അത്തരം ആഹ്വാനങ്ങള്‍ നല്‍കുന്നവരെ ശിക്ഷിക്കണം.
ഗാസയില്‍ മാനുഷികമായ സഹായങ്ങള്‍ നിര്‍ബന്ധമായും ഇസ്രയേല്‍ അനുവദിക്കണം.
ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വലിയ എണ്ണം മനുഷ്യര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വന്‍തോതില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. ഗാസയിലെ ജനസംഖ്യയുടെ വലിയൊരുഭാഗം പലായനം ചെയ്യപ്പെട്ടു. (‘ഗാസ മരണത്തിന്റേയും നിരാശയുടേയും ഇടമായി മാറി’ എന്ന യു.എന്‍. ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‍സിന്‌റെ പ്രസ്താവന കോടതി ഉദ്ധരിച്ചു).

ഐ.സി.ജെയുടെ ഇടക്കാല ഉത്തരവിനെ പലസ്തീന്‍ സ്വാഗതം ചെയ്തു. മനുഷ്യത്വത്തോടും അന്താരാഷ്ട്ര നിയമങ്ങളോടും ചേര്‍ന്ന് പോകുന്നതാണ് ഇടക്കാല വിധിയെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐ.സി.ജെയുടെ വിധി ഇസ്രയേലിനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.

വിധിയെ ‘അന്താരാഷ്ട്ര നിയമങ്ങളുടെ നിര്‍ണ്ണായകവിജയം’ എന്ന് വിശേഷിപ്പിച്ച ദക്ഷിണാഫ്രിക്ക, പലസ്തീന്റെ നീതിക്കായുള്ള യാത്രയിലെ നാഴികക്കല്ലാണ് വിധിയെന്നും പറഞ്ഞു. ഗാസയിലെ പലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായുള്ള നടപടികള്‍ തുടരുമെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!