KSDLIVENEWS

Real news for everyone

നാലാം മത്സരത്തിലും ജയമില്ല; രഞ്ജി ട്രോഫിയില്‍ ബിഹാറിനോടും സമനില വഴങ്ങി കേരളം

SHARE THIS ON

പട്‌ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാര്‍ – കേരള മത്സരം സമനിലയില്‍. നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന നിലയില്‍ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് നില്‍ക്കേ, മത്സരം അവസാനിച്ചു. 146 പന്തില്‍ 109 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയാണ് രണ്ടാം ഇന്നിങ്‌സില്‍ കേരള നിരയിലെ ടോപ് സ്‌കോറര്‍. അക്ഷയ് ചന്ദ്രന്‍ 87 പന്തില്‍ 38 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (37), ആനന്ദ് കൃഷ്ണന്‍ (12), വിഷ്ണു വിനോദ് (6) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സംഭാവന. മത്സരം സമനിലയില്‍ പിരിയുമ്പോള്‍ സച്ചിന്‍ ബേബിക്കൊപ്പം കൂട്ടിനുണ്ടായിരുന്നത് കഴിഞ്ഞ ഇന്നിങ്‌സിലെ സൂപ്പര്‍ ഹീറോ ശ്രേയസ് ഗോപാല്‍ (പുറത്താവാതെ ആറു റണ്‍സ്). ബിഹാറിനായി അശുതോഷ് അമന്‍ രണ്ടും ആര്‍. പ്രതാപ് സിങ്, വിപുല്‍ കൃഷ്ണ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ കേരളം 227 റണ്‍സാണ് സ്‌കോര്‍ ചെയ്തത്‌. ശ്രേയസ് ഗോപാലിന്റെ സെഞ്ചുറി (229 പന്തില്‍ 137 റണ്‍സ്) ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം അമ്പേ പരാജയമായിരുന്നു. ഹിമാന്‍ഷു സിങ് ബിഹാറിനായി നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിഹാര്‍, സാക്കിബുല്‍ ഗനിയുടെ സെഞ്ചുറി മികവില്‍ (150 റണ്‍സ്) 377 റണ്‍സെടുത്തു. ഇതോടെ ബിഹാറിന് 150 റണ്‍സ് ലീഡ്. മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രേയസ് ഗോപാലും അഖിന്‍ സത്താറുമാണ് ബിഹാറിനെ നാനൂറിനുള്ളില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 220 റണ്‍സെടുത്തു നില്‍ക്കേ നാലാംദിനം അവസാനിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ ബിഹാര്‍ മൂന്ന് പോയന്റ് നേടിയപ്പോള്‍ കേരളത്തിന് ഒരു പോയന്റാണ് ലഭിച്ചത്‌. ഗ്രൂപ്പ് ബി.യില്‍ നാല് മത്സരങ്ങള്‍ കളിച്ച കേരളത്തിന് ഇതുവരെ ജയിക്കാനായില്ല. ഒരു തോല്‍വിയും മൂന്ന് സമനിലയുമാണ് ഫലം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!