കേന്ദ്രത്തെ പേടിക്കാതെ ഉറങ്ങുന്ന ഏക മുഖ്യമന്ത്രി പിണറായി -കെ.സി. വേണുഗോപാൽ

കാസർകോട്: കേന്ദ്രസർക്കാരിനെ പേടിക്കാതെ സുഖമായി കിടന്നുറങ്ങുന്ന ഏക എൻ.ഡി.എ. ഇതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഒത്തുകളിയാണ് അതിനുപിന്നിലെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. നരേന്ദ്രമോദിക്കുമുന്നിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി ഗവർണറോട് ഏറ്റുമുട്ടുന്നതിൽ എന്ത് ധാർമികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ കാസർകോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ഒരാൾ ഗാരന്റിയുമായി ഇറങ്ങിയിരിക്കുകയാണ്. 10 കൊല്ലം ഈ നാടിനെ കബളിപ്പിക്കാൻ പ്രഖ്യാപിച്ച ഗാരന്റികളെക്കുറിച്ചു പറഞ്ഞശേഷംമതി പുതിയ ഗാരന്റികൾ. നാടിനെ വിഭജിക്കാനുള്ള ഇത്തരം തട്ടിപ്പുകളിൽ ജനങ്ങൾ വീഴില്ലെന്ന് ബി.ജെ.പി. മനസ്സിലാക്കണം. കത്തിയെരിയുന്ന മണിപ്പുരിൽ പോകാൻ നേരമില്ലാത്തയാൾ പത്തുദിവസത്തിനുള്ളിൽ രണ്ടുപ്രാവശ്യം തൃശ്ശൂരിൽ വന്നു. തൃശ്ശൂരങ്ങ് എടുക്കാൻവേണ്ടിയിട്ടാണെന്നാണ് പറയുന്നത്. ആ പൂതി മനസ്സിൽവെച്ചാമതി. എത്രപ്രാവശ്യം മോദി വന്നാലും കേരളത്തിൽ ബി.ജെ.പി.യുടെ അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.

