കാസർകോട് എൻ.എച്ച് സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തസ്തിക പുനഃസ്ഥാപിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു

കാസർകോട്: കാസർകോട് പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് സബ്ഡിവിഷൻ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തസ്തിക കോഴിക്കോട് കെട്ടിട വിഭാഗം ഉത്തരമേഖല ഓഫീസിലേക്ക് മാറ്റി ഉത്തരവായിരിക്കുന്നു. കേന്ദ്ര ഫണ്ടുപയോഗിച്ച് ജില്ലയിൽ ചെയ്തുവരുന്ന മുഴുവൻ പ്രവൃത്തികളുടെയും നിർമ്മാണവും പരിപാലനവും ഈ ഓഫീസിന്റെ പരിധിയിൽ വരുന്നതാണ്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തസ്തിക ഇല്ലാതായതിലൂടെ ഓഫീസിന്റെ ദൈനംദിന പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഫണ്ടുപയോഗിച്ച് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നതും പുതുതായി കിട്ടാവുന്നതുമായ പ്രവൃത്തികളെയും സാരമായി ബാധിക്കും.
ആയതിനാൽ കാസർകോട് എൻ.എച്ച് സബ്ഡിവിഷനിലെ നഷ്ടപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തസ്തിക പുനഃസ്ഥാപിക്കാനും ഓഫീസിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.

