48.16 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ നല്‍കി

പാലക്കാട്: സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്ബോള്‍ ഒരുവിഭാഗത്തിന് കിട്ടിയില്ലെന്ന പരാതി ഒഴിവാക്കാൻ പട്ടികയിലുള്ള മുഴുവൻ പേർക്കും പെൻഷൻ നല്‍കി ധനവകുപ്പ്.ഗുണഭോക്താവിന്റെ വീഴ്ചകൊണ്ട് പെൻഷൻ മുടങ്ങിയവർക്കും പെൻഷൻ പുനഃസ്ഥാപിച്ചു നല്‍കി. തിരഞ്ഞെടുപ്പു കാലത്ത് പരാതി ഉണ്ടാകാതിരിക്കാൻ തീരുമാനം ഗുണകരമായി. 45,11,175 ഗുണഭോക്താക്കള്‍ക്കാണ് കഴിഞ്ഞ ഡിസംബറില്‍ പെൻഷൻ നല്‍കിയിരുന്നതെങ്കില്‍ മാർച്ചില്‍ 48,16,963 ഗുണഭോക്താക്കള്‍ക്ക് പെൻഷൻനല്‍കി. 3,05,788 പേരാണ് വീണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ മൂന്നുലക്ഷത്തോളം പേരും പെൻഷൻ പുനഃസ്ഥാപിക്കപ്പെട്ട് പട്ടികയില്‍ ഇടംനേടിയവരാണ്. ശേഷിക്കുന്നവർ ആദ്യമായി പട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ്. കഴിഞ്ഞതവണ പെൻഷൻവിതരണം ചെയ്തപ്പോള്‍ ഒരുവിഭാഗത്തിന് കിട്ടിയിരുന്നില്ല. മസ്റ്ററിംഗ് ചെയ്യാത്തതുകൊണ്ടും വിധവാപെൻഷൻ വാങ്ങുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം പഞ്ചായത്തില്‍ നല്‍കാത്തത്തിന്റെയും പേരിലാണ് പലരുടെയും പെൻഷൻ മുടങ്ങിയത്. പെൻഷൻ മുടങ്ങിക്കിടന്നിരുന്നതിനാല്‍ അറിയിപ്പുകള്‍ പലരും അറിഞ്ഞതുമില്ല. ഇവർ പിന്നീട് രേഖകള്‍ നല്‍കിയിരുന്നു. സെപ്തംബർമാസത്തെ പെൻഷനാണ് ഇപ്പോള്‍ വിതരണംചെയ്തത്. പെൻഷൻ മുടങ്ങിയവരില്‍ പലരും കഴിഞ്ഞ മൂന്നുമാസത്തിനിടെയാണ് രേഖകള്‍ നല്‍കിയത്. സാധാരണയായി പെൻഷൻമുടങ്ങി പുനഃസ്ഥാപിച്ചാലും മുടങ്ങിയ മാസങ്ങളിലെ പെൻഷൻ നല്‍കാറില്ല. ഇത്തവണ അതില്‍ ഇളവുലഭിച്ചു.

