ഓണ്‍ലൈൻ ട്രേഡിംഗ്; നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി; മോചിപ്പിച്ച് പൊലീസ്, 5 പേര് അറസ്റ്റില്‍

മലപ്പുറം: ഓണ്‍ലൈൻ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാർപ്പിച്ച സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റിലായി. എടവണ്ണ ഐന്തൂർ സ്വദേശികളായ അജ്മല്‍, ഷറഫുദ്ധീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി പി ഷറഫുദ്ധീൻ, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈൻ ട്രേഡിങ്ങില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. വണ്ടൂരിലെ ആള്‍പ്പാർപ്പില്ലാത്ത വീട്ടില്‍ തടവില്‍ കഴിഞ്ഞ യുവാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ തടവില്‍ പാർപ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി.

