KSDLIVENEWS

Real news for everyone

സാനിയ മിർസ പ്രണയത്തിൽ? പുനർവിവാഹം ഉടൻ എന്ന വാർത്തയോട് പ്രതികരിച്ച് ടെന്നിസ് താരം

SHARE THIS ON

മുംബൈ: ടെന്നിസിൽ ഇന്ത്യയ്ക്കു വേണ്ടി ചരിത്രനേട്ടങ്ങൾ കുറിച്ച ഇതിഹാസ താരമാണ് സാനിയ മിർസ. വനിതാ ടെന്നിസിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ സാനിയ, വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറു ഗ്രാൻഡ്സ്‌സലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സിംഗിൾസ് ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനം വരെയെത്തിയ താരം, ഇന്ത്യൻ വനിതാ ടെന്നിസിന് പുതിയൊരു ദിശാബോധം നൽകി.

2023ൽ പ്രഫഷനൽ ടെന്നിസിനോട് വിടപറഞ്ഞ സാനിയ, ഇന്ന് അവതാരിക, കമന്ററി തുടങ്ങിയ രംഗങ്ങളിൽ ഉൾപ്പെടെ സജീവമാണ്. ടെന്നിസ് കരിയറിനൊപ്പം താരത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിലനിന്ന ഒരു അഭ്യൂഹത്തിന് വിരാമമിട്ടിരിക്കുകയാണ് ഇപ്പോൾ താരം.

സാനിയ പ്രണയത്തിലാണെന്നും ഉടൻ പുനർവിവാഹിതായകുമെന്ന തരത്തിലും പ്രചരിച്ച വാർത്തകളാണ് താരം തള്ളിയത്. നടി നേഹ ധൂപിയയും നടൻ അംഗദ് ബേദിയും അവതാരകരായ ‘ഡബിൾ ഡേറ്റ്’ എന്ന ടോക്ക് ഷോയിൽ സംവിധായികയും അടുത്ത സുഹൃത്തുമായ ഫറാ ഖാനോടൊപ്പം പങ്കെടുത്തപ്പോഴാണ് സാനിയ ഇക്കാര്യം തുറന്നുപറഞ്ഞത്. അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ എന്ന അവതാരകരുടെ ചോദ്യത്തോടെയാണ് സാനിയ തന്റെ പ്രണയജീവിതത്തെക്കുറിച്ച് സംസാരിച്ചത്.

പുരുഷ സുഹൃത്തുക്കൾ പലപ്പോഴും യാത്രകൾക്ക് ക്ഷണിക്കാറുണ്ടെന്നും എന്നാൽ അവരിൽ മിക്കവരും തന്നെ ആൺസംഘത്തിലെ ഒരാളായാണ് കാണുന്നതെന്നും സാനിയ പറഞ്ഞു. ആരും തന്നോട് പ്രണയാഭ്യർഥനയുമായി സമീപിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ഇതിനിടെ, ഒരു പുരുഷനോടൊപ്പം മനോഹരമായ നിമിഷങ്ങൾ പങ്കിടണമെന്ന് തോന്നാറുണ്ടോ എന്ന് അംഗദ് ബേദി ചോദിച്ചു. ഇതിന് മറുപടിയായി സാനിയ പറഞ്ഞ വാക്കുകൾ വൈറലായി. ‘‘എന്റെ ജീവിതത്തിൽ ഇപ്പോൾ ഒരു പുരുഷനില്ല. ഭാവിയിൽ അങ്ങനെയൊരാൾ ഉണ്ടാകുമോ എന്നുപോലും എനിക്കറിയില്ല.’’– സാനിയ പറഞ്ഞു. അതേസമയം, സാനിയ യഥാർഥത്തിൽ അവിവാഹിതയാണോ എന്ന് അന്വേഷിച്ച് തന്റെ ചില സുഹൃത്തുക്കൾ പതിവായി വിളിക്കാറുണ്ടെന്ന് ഫറാ ഖാനും വെളിപ്പെടുത്തി.

2010ലാണ് സാനിയ, മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്. 2018ൽ ഇരുവർക്കും ഇസ്ഹാൻ എന്ന മകൻ ജനിച്ചു. എന്നാൽ 2024ൽ ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം സാനിയ അവിവാഹിതയായി തുടരുകയാണ്. അതേസമയം, ശുഹൈബ് മാലിക്, പാക്കിസ്ഥാൻ നടി സന ജാവേദിനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!