എസ്ഡിപിഐയുടെ യുഡിഎഫ് പിന്തുണ: കോണ്‍ഗ്രസിനെതിരെ കര്‍ണാടകയില്‍ ആയുധമാക്കി അമിത് ഷാ

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുയർത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അമിത് ഷായുടെ വിമര്‍ശനം. ‘ഒരു വശത്ത് ബെംഗളൂരുവില്‍ സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണച്ചതായി എനിക്ക് വിവരം ലഭിച്ചു. ഇത് ശരിയാണെങ്കില്‍, കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് കീഴില്‍ സുരക്ഷിതരായിരിക്കാന്‍ കഴിയുമോ, എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ അതിശയമില്ല. വർഗീയ ശക്തികളുടെ പിന്തുണയോടെ, കോൺഗ്രസ് വർഷങ്ങളായി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണ്. എസ്ഡിപിഐയുടെ പിന്തുണ അർത്ഥമാക്കുന്നത് നിങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ല എന്നാണ്,” അദ്ദേഹം പറഞ്ഞു. കർണാടകയിലെ 28 ലോക്സഭാ സീറ്റുകളും ബിജെപി തൂത്തുവാരുമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ പ്രധാനമന്ത്രി മോദിക്കുള്ള പിന്തുണയാണ് റോഡ്ഷോ കാണിക്കുന്നത്, തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി എസ്ഡിപിഐയുടെ ടിക്കറ്റിൽ 18 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെന്നും എന്നാൽ കേരളത്തിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പാർട്ടി ഒരിക്കലും എസ്ഡിപിഐയോട് ഒരു സഹായവും തേടിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ആലപ്പുഴ മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർത്ഥി കൂടിയായ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു.

