ഇത് തൂഫാൻ ഫയർ: ഏഴരക്കോടി രൂപയുടെ ലഹരിവസ്തുക്കൾ കത്തിച്ച് നശിപ്പിച്ച് കൊച്ചി സിറ്റി പോലീസ്

കൊച്ചി: നഗരത്തെ ലഹരിമുക്തമാക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന കൊച്ചി സിറ്റി പോലീസ്, കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിച്ചെടുത്ത വൻ ലഹരിശേഖരം പരസ്യമായി നശിപ്പിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന വിപുലമായ പദ്ധതിയുടെ തുടർച്ചയായി ‘തൂഫാൻ ഫയർ’ എന്ന് പേരിട്ട നടപടിയിലൂടെ ഏഴരക്കോടി രൂപ വിലവരുന്ന മാരക ലഹരിവസ്തുക്കളാണ് കത്തിച്ചു കളഞ്ഞത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലൂടെ പോലീസ് പിടിച്ചെടുത്തതാണ് ഈ ലഹരിശേഖരം. ഇതിൽ 587 കിലോ കഞ്ചാവ്, ഒരു കിലോയിലധികം എംഡിഎംഎ, ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ, 143 ഗ്രാം നൈട്രജൻ ടാബ്ലറ്റുകൾ, 77 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ ഉണ്ടായിരുന്നതായി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
നഗരസഭയുടെ ബ്രഹ്‌മപുരത്തുള്ള ഫെസിലിറ്റിയിൽ വെച്ചാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. സിറ്റി പോലീസ് കമ്മീഷണറും നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നശീകരണം. ഒരു സ്വിച്ച് അമർത്തിയതോടെ നഗരത്തിന്റെ യുവത്വത്തെ കാർന്നുതിന്നാനിരുന്ന മാരക വിഷാംശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കത്തിയമർന്നു.
നഗരത്തിന്റെ സ്വസ്ഥത കെടുത്തുന്ന ഒരൊറ്റ ലഹരി ശൃംഖലയെയും വെറുതെ വിടില്ലെന്ന് സിറ്റി പോലീസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തെ നിതാന്ത ജാഗ്രതയുടെ ഫലമായാണ് ലഹരി മാഫിയയുടെ ഈ വലിയ ശൃംഖലയെ തകർക്കാൻ സാധിച്ചത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും കമ്മീഷണർ പറഞ്ഞു.

