കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുടെ താത്കാലിക ചുമതല ഖത്തീബ് അബ്ദുൽ മജീദ് ബാഖവിക്ക്

തളങ്കര : കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായിരുന്ന കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തോടെ ഒഴിവുവന്ന സ്ഥാനത്തേക്ക് മാലിക് ദീനാർ വലിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളിയെ സംയുക്ത ജമാഅത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.
ജമാഅത്ത് ഖാസിയുടെ മുഴുവൻ ചുമതലകളും താത്കാലികമായി ഇദ്ദേഹം നിർർവഹിക്കും. പുതിയ ഖാസിയെ തിരഞ്ഞെടുക്കുന്നതുവരെ മഹല്ല് സംബന്ധമായ വിഷയങ്ങളിലും ഇനിമുതൽ ഇദ്ദേഹമാകും തീർപ്പുകൽപ്പിക്കുക. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു.
അദ്ദേഹത്തിന്റെ പേരിലുള്ള അനുസ്മരണ പരിപാടി ഒാഗസ്റ്റ് നാലിന് മാലിക് ദീനാർ വലിയ ജുമാമസ്ജിദിൽ നടത്താനും തീരുമാനിച്ചു.
സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന് അധ്യക്ഷനായി. സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, അബ്ദുൽ കരീം ഹാജി സിറ്റി ഗോൾഡ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, കെ.ബി. മുഹമ്മദ് കുഞ്ഞി, മാഹിൻ കേളോട്ട്, കെ.എം. മുഹമ്മദ് ബഷീർ, യു. സഹദ് ഹാജി, മജീദ് പട്‌ല, കെ.എം. അബ്ദുൽ റഹ്മാൻ, ഹനീഫ് നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു.

