KSDLIVENEWS

Real news for everyone

ലഖ്‌നൗവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഗുജറാത്ത്; കരുത്തായത് യഷ് ഠാക്കൂറിന്റെ അഞ്ചുവിക്കറ്റ്‌

SHARE THIS ON

ലഖ്‌നൗ: ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനുമേല്‍ കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ ഭീമന്മാര്‍ ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും നിറഞ്ഞാടി. ലഖ്‌നൗവിന് മുന്‍പില്‍ നിശ്ചിത ഓവര്‍ പൂര്‍ത്തിയാവുംവരെ പിടിച്ചുനില്‍ക്കാന്‍ പോലും ഗുജറാത്തിന് കഴിഞ്ഞില്ല. ഫലത്തില്‍ ടൈറ്റന്‍സിനെതിരേ ജയന്റ്‌സിന് 33 റണ്‍സിന്റെ ജയം. സ്‌കോര്‍: ലഖ്‌നൗ- 163/5 (20 ഓവര്‍). ഗുജറാത്ത്- 130/10 (18.5 ഓവര്‍).  യഷ് ഠാക്കൂറിന്റെ അഞ്ചു വിക്കറ്റ് പ്രഹരമാണ് ഗുജറാത്തിനെ മുറിവേല്‍പ്പിച്ചത്. 3.5 ഓവറില്‍ ഒരു മെയ്ഡനടക്കം 30 റണ്‍സ് വിട്ടുനല്‍കിയാണ് ഠാക്കൂര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ക്രുണാല്‍ പാണ്ഡ്യ മൂന്നുപേരെയും മടക്കി. കൂടാതെ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ അര്‍ധ സെഞ്ചുറി കൂടി ചേര്‍ന്നപ്പോള്‍ കളി ലഖ്‌നൗവിനൊപ്പം നിന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 43 പന്തുകളില്‍നിന്ന് 58 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസാണ് ലഖ്‌നൗ നിരയിലെ ടോപ് സ്‌കോറര്‍. ലഖ്‌നൗവിന് ആദ്യ മൂന്നോവറുകളില്‍ത്തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്വിന്റണ്‍ ഡി കോക്കും (6) ദേവ്ദത്ത് പടിക്കലും (7) ആണ് വിക്കറ്റ് കളഞ്ഞത്. ആദ്യ ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിന്റെ രണ്ടാം പന്ത് സിക്‌സിനു പറത്തിയ ഡി കോക്ക്, അതേ ഓവറിലെ നാലാം പന്തില്‍ നൂര്‍ അഹ്‌മദിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ഉമേഷ് യാദവ് ദേവ്ദത്ത് പടിക്കലിനെയും മടക്കി. വിജയ് ശങ്കറിന്റെ ക്യാച്ചിലാണ് പുറത്തായത്. സീസണിലെ കഴിഞ്ഞ നാല് കളികളില്‍ ഒന്നില്‍പ്പോലും രണ്ടക്കം തികയ്ക്കാന്‍ പടിക്കലിനായില്ല. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 എന്ന നിലയില്‍ ലഖ്‌നൗ തങ്ങളുടെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മാര്‍ക്കസ് സ്റ്റോയ്‌നിസും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 13-ാം ഓവറില്‍ ദര്‍ശന്‍ നാല്‍ക്കണ്ഡെയുടെ പന്തില്‍ കെ.എല്‍. രാഹുല്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കി പുറത്തായി-33 (31). ദര്‍ശന്‍ എറിഞ്ഞ അടുത്ത ഓവറില്‍ സ്‌റ്റോയിനിസും മടങ്ങി. ശരത്ത് ബി.ആറിന് ക്യാച്ച് നല്‍കുകയായിരുന്നു. രണ്ട് സിക്‌സും നാല് ഫോറും സഹിതമാണ് സ്‌റ്റോയ്‌നിസിന്റെ 58 റണ്‍സ്. രണ്ട് സിക്‌സുകളും നേടിയത് സ്‌റ്റോയ്‌നിസിന്റെ അതേ ഓവറിലാണ്. പത്തൊന്‍പതാം ഓവറില്‍ ആയുഷ് ബദോനിയും പുറത്തായി-20 (11). നിക്കോളാസ് പുരാനും (22 പന്തില്‍ 32) ക്രുണാല്‍ പാണ്ഡ്യയും (2) ആയിരുന്നു നിശ്ചിത ഓവര്‍ അവസാനിക്കുമ്പോള്‍ ക്രീസില്‍. ഗുജറാത്തിനായി ദര്‍ശന്‍ നാല്‍ക്കണ്ഡെ, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മികച്ച രീതിയിലാണ് തുടങ്ങിയത്. പവര്‍ പ്ലേയുടെ അവസാന പന്തിലാണ് ആദ്യ വിക്കറ്റ് വീണത്. 21 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ യഷ് ഠാക്കൂറിന്റെ പന്തില്‍ പുറത്തായി. പവര്‍ പ്ലേയില്‍ 54 റണ്‍സാണ് ഗുജറാത്ത് നേടിയത്. ഓപ്പണര്‍ സായ് സുദര്‍ശന്റെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച തുടക്കം സമ്മാനിച്ചത്. 5.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 54 എന്ന നിലയിലായിരുന്ന ഗുജറാത്ത്, തുടര്‍ന്നുള്ള മൂന്നോവറുകളില്‍ ഏഴ് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ കളഞ്ഞു. 54-ല്‍ പൂജ്യം ആയിരുന്ന ടീം അങ്ങനെ 61-ല്‍ നാല് എന്ന നിലയിലേക്ക് വീണുപോയി. അതോടെ ഗുജറാത്തിന്റെ ജയപ്രതീക്ഷകളും അസ്തമിച്ചു. രവി ബിഷ്‌ണോയുടെ പന്തില്‍ രവിതന്നെ കിടിലന്‍ ക്യാച്ചെടുത്ത് കെയിന്‍ വില്യംസണെ രണ്ടാമതായി മടക്കി. ഒരു റണ്ണാണ് വില്യംസന്‍ നേടിയത്. പിന്നാലെ സായ് സുദര്‍ശനെ രവി ബിഷ്‌ണോയ്‌യുടെ കൈകളിലേക്ക് നല്‍കി ക്രുണാല്‍ പാണ്ഡ്യയും വിക്കറ്റ് നേടി. 21 പന്തില്‍ 31 റണ്‍സാണ് സുദര്‍ശന്റെ സമ്പാദ്യം. തുടര്‍ന്ന് ശരത് ബി.ആറിനെയും (2) ദര്‍ശന്‍ നാല്‍ക്കണ്ഡെയെയും (11 പന്തില്‍ 12) ക്രുണാല്‍ പാണ്ഡ്യ മടക്കി. ടീം സ്‌കോര്‍ 93-ല്‍ നില്‍ക്കേ, വിജയ് ശങ്കറിനെയും (17 പന്തില്‍ 17) റാഷിദ് ഖാനെയും (പൂജ്യം) മടക്കി യഷ് ഠാക്കൂര്‍ കളിയില്‍ ലഖ്‌നൗവിന് സമ്പൂര്‍ണ ആധിപത്യം നല്‍കി. എട്ടാമതായി ഉമേഷ് യാദവും (2) വീണു. നവീനുല്‍ ഹഖിന് വിക്കറ്റ്. രാഹുല്‍ തെവാട്ടിയയും (25 പന്തില്‍ 30) നൂര്‍ അഹ്‌മദും (4) ഠാക്കൂറിന്റെ പന്തുകളില്‍ മടങ്ങിയതോടെ ഗുജറാത്ത് പതനം പൂര്‍ണമായി. ഠാക്കൂറിന് അഞ്ച് വിക്കറ്റ് നേട്ടത്തിലെത്താനുമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!