KSDLIVENEWS

Real news for everyone

ദുബായ് വിമാനത്താവളങ്ങളില്‍ കുടുങ്ങി കാസര്‍കോട് സ്വദേശികള്‍ അടക്കം ആയിരങ്ങള്‍

SHARE THIS ON

ദുബായ്: ഇന്നലെ അര്‍ധരാത്രി മുതല്‍ മഴയ്ക്ക് ശമനം വന്ന് മാനം തെളിഞ്ഞുങ്കിലും രണ്ട് ദിവസം ചെയ്ത കനത്ത മഴയില്‍ ദുബായ് നഗരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താളം തെറ്റി. വിദ്യാലയങ്ങള്‍ക്ക് ഇന്നും അവധിയാണ്. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാവിലെ മംഗലാപുരത്തേക്ക് യാത്ര തിരിക്കാനായി ദുബായ് വിമാനത്താവളത്തില്‍ എത്തിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പലര്‍ക്കും താമസ സൗകര്യം നല്‍കിയെങ്കിലും ഏറെ പേരും വിമാനത്താവളത്തില്‍ തന്നെയാണ് കിടന്നുറങ്ങിയത്. ഇന്നലെ മുതല്‍ ദുബായിലെ 3 വിമാനത്താവളങ്ങളില്‍ നിന്നും ഒരു വിമാനം പോലും സര്‍വീസ് നടത്തുന്നില്ല. വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉറ്റ ബന്ധുമരണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കാന്‍ ടിക്കറ്റ് എടുത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കു മംഗലാപുരത്തേക്കുള്ള വിമാനത്തില്‍ യാത്ര തിരിക്കാനായി എത്തിയ തളങ്കര സ്വദേശികളായ സ്ത്രീകള്‍ അടക്കമുള്ളവര്‍ യാത്ര ചെയ്യാനാവാതെ കുടുങ്ങി കിടക്കുകയാണ്. പലരും യാത്ര റദ്ദാക്കി മടങ്ങി. ഇന്നലെ ഉച്ചക്ക് 12 മണിക്ക് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ആദ്യം റദ്ദാക്കിയത്. ആ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഞാന്‍. സ്ത്രീകളടക്കം കാസര്‍കോട് സ്വദേശികളായ നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എമിഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാനായി കാത്തിരിക്കുമ്പോഴാണ് സര്‍വീസ് റദ്ദാക്കിയതായി അറിയിപ്പ് വന്നത്. വിമാനം ഒന്നര മണിക്കൂര്‍ വൈകി പുറപ്പെടുമെന്നാണ് ആദ്യം അറിയിപ്പ് വന്നതെങ്കിലും അപ്പോഴേക്കും മഴ കനത്തിരുന്നു. 3 മണിക്ക് പുറപ്പെടുമെന്നായി അടുത്ത അറിയിപ്പ്. എന്നാല്‍ അതുമുണ്ടായില്ല. പിന്നാലെ, രാത്രി പുറപ്പെടുമെന്ന അറിയിപ്പുവന്നുവെങ്കിലും രാത്രിയോടെ നാളെ മാത്രമെ പുറപ്പെടുള്ളൂ എന്ന അറിയിപ്പ് വന്നു. എനിക്കടക്കം ഏതാനും പേര്‍ക്ക് താമസ സൗകര്യം ലഭിച്ചിരുന്നുവെങ്കിലും നിരവധി പേര്‍ എയര്‍പോര്‍ട്ടില്‍ തന്നെ കിടന്നു. ഇന്നും വിമാനം പുറപ്പെടില്ല എന്ന പുതിയ അറിയിപ്പാണ് ഇന്ന് രാവിലെ ഉണ്ടായത്. വിമാനത്താവളം യാത്രക്കാരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. എല്ലാവരും വലിയ ദുരിതത്തിലാണ്-കാസര്‍കോട്ടെ ഫോട്ടോഗ്രാഫര്‍ ദിനേഷ് ഇന്‍സൈറ്റ് പറഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴയില്‍ ദുബായ് നഗരമാകെ കുളം പോലെയായി. നിരവധി വാഹനങ്ങള്‍ യന്ത്രത്തകരാറായി റോഡുകളില്‍ കുടുങ്ങി. റോഡിലെ ഇലക്ട്രിക് കണക്ഷനില്‍ നിന്ന് ഷോക്കടിച്ചടക്കം രണ്ടുപേര്‍ മരിച്ചു. ദുബായ് മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറി മെട്രോ സര്‍വീസും നിലച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി വലിയ നാശ നഷ്ടമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!