KSDLIVENEWS

Real news for everyone

ഹിസ് മജസ്റ്റിസ് കപ്പ്: ദോഫാറിന് 11ാം കിരീടം

SHARE THIS ON

മസ്‌കത്ത്: ഹിസ് മജസ്റ്റിസ് കപ്പ് ഫുട്ബോള്‍ ചാമ്ബ്യൻഷിപ്പില്‍ അല്‍ ദോഫാറിന് 11ാം കിരീടം. മുസന്ദം ഗവർണറേറ്റിലെ ഖസബ് സ്പോർട്സ് കോംപ്ലക്സില്‍ വെള്ളിയാഴ്ച നടന്ന ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ അല്‍ നഹ്ദയെ 2-0 ന് തോല്‍പ്പിച്ചാണ് സലാലയില്‍നിന്നുള്ള ടീം 2023-2024 ഹിസ് മജസ്റ്റി കപ്പ് സീസണില്‍ ജേതാക്കളായത്.

11 മുൻനിര ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ മൊത്തം 22 പ്രധാന ആഭ്യന്തര ട്രോഫികളുമായി ഒമാൻ ഫുട്ബോളില്‍ സമാനതകളില്ലാത്ത റെക്കോർഡാണ് ദോഫാറിന്റെ പേരിലുള്ളത്.



വീഡിയോ അസിസ്റ്റന്റ് റിവ്യൂ (വിഎആർ) സംവിധാനത്തിന് തുടക്കം കുറിച്ചതിനാല്‍ ഒമാൻ ഫുട്‌ബോളിന്റെ ചരിത്ര നിമിഷമായി ഫൈനല്‍ മാറി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ‘വാർ’ അവലോകനം വഴി ദോഫാറിന് പെനാല്‍റ്റി ലഭിച്ചു. ഇത് ടീം ക്യാപ്റ്റൻ അലി സലിം മുതലാക്കി ടീമിന് ഒരു ഗോള്‍ ലീഡ് ഉറപ്പിച്ചു. 64-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ദോഫാറിന് അനുകൂലമായി റഫറി മഹ്‌മൂദ് അല്‍ മജ്റഫി വിധിച്ചു. അത് ഹുസൈൻ സെയ്ദ് കൂളായി ലക്ഷ്യത്തിലെത്തിച്ച്‌ ലീഡുറപ്പിച്ചു. കോച്ച്‌ ഹമദ് അല്‍ അസാനിയുടെ നേതൃത്വത്തില്‍ അല്‍ നഹ്ദ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ദോഫാറിന്റെ ഉറച്ച പ്രതിരോധം എതിരാളികള്‍ക്ക് അവസരം നിഷേധിച്ചു.



1972 ആരംഭിച്ച ടൂർണമെൻറില്‍ 1977-ല്‍ തന്നെ കിരീട നേട്ടങ്ങളിലേക്കുള്ള ദോഫാർ യാത്ര ആരംഭിച്ചിരുന്നു. ദോഫാർ 1980ലും 1981ലും തുടർച്ചയായി കിരീടങ്ങള്‍ നേടി. നീണ്ട ഇടവേളയ്ക്ക് ശേഷം 1990ല്‍ പ്രതാപം വീണ്ടെടുത്തു. ഒമ്ബത് വർഷത്തെ മറ്റൊരു ഇടവേളക്ക് ശേഷം 1999ല്‍ അവർ വീണ്ടും വിജയിച്ചു. 2004ലും 2006ലും വീണ്ടും ജേതാക്കളായി. 2011 ലും വിജയിച്ച ടീം 2019-2020, 2020-21 സീസണുകളില്‍ ഇരട്ട കിരീടം നേടി. 11 കിരീടങ്ങള്‍ക്ക് പുറമെ നാല് തവണ റണ്ണേഴ്സ് അപ്പായും ദോഫാർ മാറി.



മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് അല്‍ ബുസൈദി ദോഫാർ ക്യാപ്റ്റൻ അലി സലിമിന് ട്രോഫിയും കളിക്കാർക്ക് സ്വർണ മെഡലുകളും നല്‍കി. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ബാസില്‍ അല്‍ റവാസ്, ഒഎഫ്‌എ ചെയർമാൻ ഷെയ്ഖ് സലിം അല്‍ വഹൈബി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!