അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രായേലിനെ വിലക്കല്‍; ഫലസ്തീനിന്റെ ആവശ്യത്തില്‍ ഫിഫ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നാളെ

ദോഹ: ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്ന ഫലസ്തീനിന്റെ ആവശ്യത്തില്‍ ഫിഫ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നാളെ.
ഫലസ്തീന് പിന്തുണയുമായി ഏഷ്യൻ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ രംഗത്തെത്തി. തായ്‌ലണ്ട് തലസ്ഥാനമായ ബാങ്കോക്കില്‍ നടക്കുന്ന ഫിഫ വാർഷിക കോണ്‍ഗ്രസിലാണ് ഇസ്രായേലിനെതിരെ ഫലസ്തീൻ ഫുട്‌ബോള്‍ അസോസിയേഷൻ നല്‍കിയ പരാതി ചർച്ചയ്ക്ക് വരുന്നത്.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന്റെയും വംശ ഹത്യയുടെയും തെളിവുകള്‍ നിരത്തിയാണ് ഫലസ്തീനിന്റെ പരാതി. ഇതോടൊപ്പം തന്നെ ഫലസ്തീൻ പ്രദേശങ്ങളില്‍ കുടിയേറ്റക്കാരായ ഇസ്രായേലുകാർ സ്ഥാപിക്കുന്ന ക്ലബുകള്‍ക്ക് ഇസ്രായേല്‍ ലീഗില്‍ കളിക്കാൻ അവസരം നല്‍കുന്നുണ്ട്. ഇത് ഫിഫ നിയമത്തിന് വിരുദ്ധമാണ്. ഫലസ്തീനിയൻ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയില്ലാതെ ഇങ്ങനെ കളിക്കാൻ സാധിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഫലസ്തീൻ ഫിഫ പരാതി നല്‍കിയിരുന്നു.
ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ആവശ്യത്തെ ഏഷ്യൻ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ പിന്തുണച്ചിട്ടുണ്ട്. ആസ്‌ത്രേലിയ ഫലസ്തീന് ഒപ്പം നില്‍ക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫിഫ കോണ്‍ഗ്രസില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ യുഎന്നിന് പിന്നാലെ ഇസ്രായേലിന് ലഭിക്കുന്ന കനത്ത തിരിച്ചടിയാകും ഇത്. യുക്രൈൻ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെയും റഷ്യയില്‍ നിന്നുള്ള ക്ലബുകളെയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിലക്കിയ സമീപകാല ചരിത്രവും ഫിഫയ്ക്കുണ്ട്.

