KSDLIVENEWS

Real news for everyone

കളി ഇനി ബെര്‍ണാബുവില്‍; എംബാപ്പെയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്, കരാര്‍ അഞ്ചുവര്‍ഷത്തേക്ക്

SHARE THIS ON

ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍. ഫ്രാന്‍സ് ക്ലബായ പി.എസ്.ജി.യില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫര്‍ വഴി താരത്തെ ടീമിലെത്തിച്ചതായി റയല്‍ ഔദ്യോഗികമായി അറിയിച്ചു. എംബാപ്പെയും ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിവര്‍ഷം ഏകദേശം 135 കോടി രൂപ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് റയലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സൂചനകള്‍. നികുതി ഉള്‍പ്പെടെ ചേരുമ്പോള്‍ കരാര്‍ കാലാവധിയില്‍ എംബാപ്പെയ്ക്കായി ക്ലബ് 900 കോടിയിലധികം ചെലവഴിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പി.എസ്.ജി.യുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെ ടീം വിടുമെന്ന് എംബാപ്പെ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ‘ഒരു സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. റയല്‍ മാഡ്രിഡില്‍ ചേരുന്നതില്‍ അളക്കാനാവാത്ത അഭിമാനവും സന്തോഷവുമുണ്ട്. നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ്. അവിശ്വസനീയമായ പിന്തുണയ്ക്ക് നന്ദി’- എംബാപ്പെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. റയല്‍ മാഡ്രിഡ് കിറ്റ് ധരിച്ചുള്ള സ്വന്തം ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്.

25-കാരനായ എംബാപ്പെ പി.എസ്.ജി.ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡിനുടമയാണ്. 308 മത്സരങ്ങളില്‍നിന്ന്‌ 256 ഗോളുകള്‍ നേടി. 2017-ല്‍ 19 വയസ്സ് മാത്രമുള്ളപ്പോള്‍, 1,600 കോടിയോളം രൂപയ്ക്കാണ് പി.എസ്.ജി. എംബാപ്പെയെ സ്വന്തമാക്കിയിരുന്നത്. പിന്നീട് ടീമിന്റെ ക്യാപ്റ്റനായി. ഏഴ് സീസണുകളിലായി ആറ് ലീഗ് വണ്‍ കിരീടങ്ങള്‍ പി.എസ്.ജി.ക്ക് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. 2018-ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ അംഗവുമാണ്. 2022 ലോകകപ്പില്‍ ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടെങ്കിലും ഹാട്രിക് ഗോളുകളുമായി എംബാപ്പെ കളം നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!