KSDLIVENEWS

Real news for everyone

കുമ്മനത്തിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിക്കാരന് പണം തിരികെ നല്‍കുമെന്ന് ഉടമ

SHARE THIS ON

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഉടൻ തീർപ്പാക്കും. ആറൻമുള സ്വദേശിയായ പരാതിക്കാരന് മുഴുവൻ പണവും തിരികെ നൽകുമെന്ന് സ്ഥാപന ഉടമ അറിയിച്ചു. കൊല്ലങ്കോട് സ്വദേശി വിജയൻ മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രശ്ന പരിഹാരത്തിന് വലിയ രാഷ്ട്രീയ സമ്മർദ്ദമുള്ളതായാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായതിന്റെ അങ്കലാപ്പിലാണ് ബിജെപി. അതിനാൽ കുമ്മനം നാലാംപ്രതിയായ കേസ് നിയമ നടപടികളിലേക്ക് കടക്കുംമുമ്പ് പരിഹരിക്കാനാണ് ശ്രമം.
പരാതിക്കാരനായ ആറൻമുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നൽകാമെന്ന് ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ നടപടികൾ വേഗത്തിലാകും. ഇരുവരും തമ്മിൽ അടുത്തു തന്നെ കൂടിക്കാഴ്ചയുണ്ടാകും. പ്രശ്നം വേഗം തീർപ്പാക്കണമെന്ന നിർദേശം ആർഎസ്എസ് നേതൃത്വവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ആറൻമുളയിലെത്തിയ കുമ്മനം രാജശേഖരൻ പാർട്ടിയിലെ തന്റെ അടുപ്പക്കാരുമായും വിഷയം ചർച്ച ചെയ്തു. ഇടപെടലിന് ചിലരെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്. അതേസമയം പാരതിക്കാരന് നിരവധി പേരെ താൻ പരിചയപ്പെടുത്തിക്കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുൻ പി.എയുമായ പ്രവീൺ വ്യക്തമാക്കി. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നും ഇയാൾ പറഞ്ഞു.
ന്യൂഭാരത് ബയോടെക്നോളജീസിന്റെ പ്രവർത്തനോദ്ഘാടനം മിസ്സോറാമിലെ ഔദ്യോഗിക വസതിയിൽ നടത്തിയതായാണ് ആറൻമുള സ്വദേശി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേ സമയം കുമ്മനം രാജശേഖരനെതിരേ സർക്കാർ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!