KSDLIVENEWS

Real news for everyone

യാസർ എടപ്പാളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

SHARE THIS ON

മലപ്പുറം | സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിദ്വേഷ പ്രചാരണം നടത്തുകയും മന്ത്രി കെ ടി ജലീലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്ത എടപ്പാള്‍ സ്വദേശി യാസറിനെതിരെ കൂടുതല്‍ നിയമ നടപടികള്‍ക്കൊരുങ്ങി പോലീസ്. മലപ്പുറം എസ് പി യു അബ്ദുല്‍ കരീം സംസ്ഥാന പോലീസ് ആസ്ഥാനത്തെ ബ്യൂറോ ഓഫ് എമിഗ്രേഷന് ലുക്ക്‌ഔട്ട് നോട്ടീസ് കൈമാറും. എത്രയും വേഗത്തില്‍ ഇയാളെ നാട്ടിലെത്തിച്ച്‌ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ചാണ് നോട്ടീസ്.

ലഹളക്ക് ശ്രമിച്ചതടക്കം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മൂന്നു കേസുകളാണ് യാസറിനെതിരെ ഉള്ളത്. ലീഗിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അസഭ്യവര്‍ഷത്തിലൂടെയും അല്ലാതെയും പോരാടുന്ന ‘കൊണ്ടോട്ടി അബു’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ കൂടിയാണ് യാസര്‍ എടപ്പാള്‍. താനൂരില്‍ അഞ്ചടി എന്ന സ്ഥലത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാക്ക് കൊല്ലപ്പെട്ടതിനു പിന്നാലെ സൈബറിടങ്ങളില്‍ ഇദ്ദേഹം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ലഹളക്ക് ശ്രമിച്ചതായി കേസുണ്ട്. ഇതിനെതിരെ പരപ്പനങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്ന് മലപ്പുറം എസ് പി പറഞ്ഞു.

കുറ്റിപ്പുറം സ്വദേശി ഹുസൈന്‍ എന്നയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ യാസര്‍ നടത്തിയ അസഭ്യ പരമാര്‍ശങ്ങള്‍ക്കെതിരെ കുറ്റിപ്പുറം സ്റ്റേഷനിലാണ് രണ്ടാമത്തെ കേസ്. തിരൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഈ കേസും വിചാരണയിലാണ്. അബ്ദുല്‍ മുനീര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് മൂന്നാമത്തെ കേസ്.

മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്നും വാട്‌സ്‌ആപ്പില്‍ നിന്നും ശബ്ദ സന്ദേശം ചോര്‍ത്തിയെന്നും കഴിഞ്ഞ ദിവസം ഇയാള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മലപ്പുറം എസ് പി അബ്ദുല്‍ കരീം വ്യക്തമാക്കി.

യുവാവിനെ നാടുകടത്താന്‍ മന്ത്രി കെ ടി ജലീല്‍ ശ്രമിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് യാസര്‍ എടപ്പാള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സ്വന്തം മണ്ഡലത്തില്‍പ്പെട്ട ഒരു യുവാവിനെ ഇത്തരത്തില്‍ നാടുകടത്താന്‍ മന്ത്രി ഇടപെട്ടതിനെതിരേ യുവാവിന്റെ വീട്ടുകാരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സമൂഹത്തില്‍ സ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്ന രീതിയിലാണ് ഇയാളുടെ ഇടപെടലുകളെന്നും നിരപരാധിയായ ഒരാളെ നാടുകടത്തി തൂക്കിക്കൊല്ലാനല്ല താന്‍ ശ്രമിച്ചതെന്നും ഇതുസംബന്ധിച്ച്‌ മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചിരുന്നു.

ലീഗ് ഐ ടി സെല്ലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യാസര്‍ എടപ്പാള്‍ എന്നയാളുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള അസഭ്യവര്‍ഷവും ഇടപെടലുകളും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ പി എ മജീദും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കു വേണ്ടി പോരാടാന്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയേയോ സംഘത്തേയോ ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!