KSDLIVENEWS

Real news for everyone

ഗേറ്റിൽ കുടുങ്ങി മരണം: അന്വേഷണം തുടങ്ങി, സിനാനും വല്യുമ്മയ്ക്കും നെഞ്ചുലഞ്ഞ് വിടനൽകി നാട്‌

SHARE THIS ON

തിരൂർ: ഇടമുറിയാതെ പെയ്ത മഴയത്ത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി സിനാൻ വല്യുമ്മയോടൊപ്പം യാത്രയായി. തകർത്തുപെയ്ത മഴയെ വകവെക്കാതെ നാട്ടുകാരും കൂട്ടുകാരും അധ്യാപകരുമെല്ലാം അവനെ ഒരുനോക്കുകൂടി കാണാൻ വിതുമ്പലോടെ കാത്തിരുന്നു. ഒൻപതുവയസ്സുകാരനായ മുഹമ്മദ്‌ സിനാൻ കഴിഞ്ഞദിവസം പള്ളിയിലേക്കു പോകുന്ന വഴി അയൽപക്കത്തെ വീട്ടിലെ ഗേറ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു.


കൊച്ചുമകന്റെ മരണവാർത്തയറിഞ്ഞ വല്യുമ്മ ആസിയ ഹൃദയാഘാതംമൂലമാണ് മരിച്ചത്. സ്‌കൂളിലെ അധ്യാപകർക്കെല്ലാം ഏറെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു സിനാൻ. പഠനത്തിലും കലാ കായിക മത്സരങ്ങളിലും മുന്നിലായിരുന്നു. നാട്ടിൽ കളിച്ചുനടന്നിരുന്ന സിനാന്‍റെ വിയോഗം വീട്ടുകാരെയും ബന്ധുക്കളെയും മാത്രമല്ല പരിവാസികളെയാകെ ദുഃഖത്തിലാഴ്‌ത്തി. അതിനിടയിലുണ്ടായ ആസിയയുടെ മരണവും എല്ലാവരെയും തളർത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അധ്യാപികമാർ സിനാനെ യാത്രയാക്കിയത്.

തിരൂർ ജില്ലാ ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിനാന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് ചിലവിൽ ജുമാമസ്ജിദിൽ ഇരുവരുടെയും മൃതദേഹം കബറടക്കി. എം.പി. അബ്ദുസ്സമദ് സമദാനിയടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

അന്വേഷണം തുടങ്ങി

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുരുങ്ങി ഒൻപതുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കല്പകഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

വൈലത്തൂർ ചിലവിൽ ചങ്ങനക്കാട്ടിൽ കുന്നശ്ശേരി അബ്ദുൾ ഗഫൂറിന്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സിനാന്റെ മരണവിവരം അറിഞ്ഞ് വല്യുമ്മ ആസ്യ ഹൃദയാഘാതംമൂലം മരിക്കുകയും ചെയ്തു. ഇരുവരുടെയും മൃതദേഹം ചിലവിൽ ജുമാമസ്ജിദ് കബറിസ്താനിൽ വെള്ളിയാഴ്ച കബറടക്കി.

“അപകടം നടന്ന സ്ഥലവും ഗേറ്റും പോലീസ് പരിശോധിച്ചു. അബദ്ധവശാൽ കുട്ടി കുടുങ്ങി ഗേറ്റ് അടഞ്ഞതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സെൻസർ തകരാർ കണ്ടെത്തിയിട്ടില്ല. കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.

കല്പകഞ്ചേരി സ്റ്റേഷർ ഹൗസ് ഓഫീസർ കെ. സുശാന്ത്, എസ്.ഐ. ഉദയരാജ്, സീനിയർ സി.പി.ഒ. തോമസ്, സി.പി.ഒ. സനൂപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്.

മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് നിഗമനം

ഗേറ്റിനുള്ളിൽ കുടുങ്ങിയപ്പോൾ ഉണ്ടായ പരിക്ക് കാരണം തലച്ചോറിലുണ്ടായ രക്തസ്രാവമാകാം മുഹമ്മദ് സിനാന്റെ മരണത്തിനു കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

സിനാന്റെ ചെവിക്കു താഴെയും നെഞ്ചിനു താഴെയുമുള്ള ക്ഷതമാകാം തലച്ചോറിലേക്കുള്ള രക്തസ്രാവത്തിനു കാരണമായത്. മുതുകത്തും ചെറിയ പരിക്കുണ്ട്. ഗേറ്റിനുള്ളിൽ കുടുങ്ങിയ സമയത്തുണ്ടായ മുറിവുകളും പരിക്കും മരണത്തിനിടയാക്കിയതായാണ് പ്രാഥമിക കണ്ടെത്തൽ.

അടയരുത്, ജീവിതത്തിന്റെ ഗേറ്റ്

-ഷനീബ് മൂഴിക്കൽ-

റിമോട്ട് കൺട്രോൾ ഗേറ്റ് നിത്യജീവിതത്തിൽ സൗകര്യം കൊണ്ടുവന്നെങ്കിലും അതിനൊപ്പം അപകടവുമുണ്ടെന്ന് കഴിഞ്ഞദിവസം കേരളം കണ്ടു.

മലപ്പുറം വൈലത്തൂർ ചിലവിലെ നാലാംക്ലാസുകാരന് ജീവൻ നഷ്ടമായി. ഗേറ്റുകൾ പതുക്കെയാണ് ചലിക്കുന്നതെങ്കിലും ദേഹത്തു തട്ടിയാൽ ചിലപ്പോൾ വലിയ ആഘാതമുണ്ടാകും.

കാലോചിത പരിഷ്കാരങ്ങൾ

ചുറ്റുമതിൽ നിർമാണത്തിന് കെട്ടിടനിർമാണ ചട്ടപ്രകാരം കർശന നിയന്ത്രണങ്ങളുണ്ട്. വീടുകളിൽ റിമോട്ട് കൺട്രോൾ ഗേറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ ഈ ചട്ടങ്ങളിൽ നിർദേശങ്ങളൊന്നുമില്ല. പരിശോധനകളുമില്ല.


2019-ൽ കേരള മുനിസിപ്പൽ കെട്ടിടനിർമാണച്ചട്ടം പരിഷ്‌കരിച്ചെങ്കിലും ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ കുറവാണ്.

അപകടകരം നുഴഞ്ഞുകയറ്റം

ഭാഗികമായി അടഞ്ഞ ഗേറ്റിലെ വിടവിലൂടെ കടക്കാൻ ശ്രമിക്കരുത്. കൈകൊണ്ടോ കാൽകൊണ്ടോ ചെറുതായൊന്ന് തള്ളിനീക്കി കടക്കുമ്പോഴാകാം ഗേറ്റ് അടയാൻ തുടങ്ങുക. കുട്ടികൾ കുടുങ്ങാൻ സാധ്യതയേറെയാണ്. മാളുകളുടെയും മറ്റും വാതിലുകളിലും ലിഫ്റ്റിലുമൊക്കെ ജാഗ്രത വേണം.

സെൻസർ വേണം

വിദൂര നിയന്ത്രിത ഗേറ്റിൽ സെൻസറുകൾ നിർബന്ധമാക്കണം. സെൻസറിനുമുന്നിലൂടെ ഒരു വസ്തു കടന്നുപോയാൽ ഗേറ്റിന്റെ പ്രവർത്തനം താനേ നിലയ്ക്കും. മുന്നറിയിപ്പ് ബോർഡ് വെക്കണം.

സാങ്കേതിക പരിശോധനകൾ

ഓട്ടോമാറ്റിക് സംവിധാനങ്ങൾ തകരാറിലായാലും അപകടസാധ്യതയുണ്ട്. യഥാസമയം സാങ്കേതിക പരിശോധന ഉറപ്പാക്കി തകരാറുകൾ പരിഹരിക്കണം.

സൗകര്യങ്ങൾക്കൊപ്പം ഉറപ്പാക്കണം സുരക്ഷയും

കെട്ടിടങ്ങളുടെയും അനുബന്ധസംവിധാനങ്ങളുടെയും നിർമാണത്തിൽ വിദഗ്‌ധരുടെ മേൽനോട്ടവും ഉപദേശങ്ങളും സ്വീകരിക്കണം. സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം.

അമീർ പാതാരി (ജില്ലാ പ്രസിഡന്റ്, ലെൻസ്‌ഫെഡ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!