KSDLIVENEWS

Real news for everyone

മഴ നനയാനും വനഭംഗി ആസ്വദിക്കാനും; റാണിപുരത്തേക്ക് സഞ്ചാരികളൊഴുകുന്നു

SHARE THIS ON

രാജപുരം : റാണിപുരത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. കർണാടകയിൽനിന്നടക്കം ഞായറാഴ്ച മാത്രമെത്തിയത് 2292 സഞ്ചാരികൾ. വാഹനങ്ങൾ നിർത്തിയിടാൻപോലും സ്ഥലമില്ലാതെ വീർപ്പുമുട്ടി മലയോരത്തിന്റെ ‘റാണി’.

ഞായറാഴ്ച രാവിലെ വനസംരക്ഷണസമിതിയുടെ പാർക്കിങ് ഏരിയയിൽ ഇരുചക്രവാഹനങ്ങളും ബസുകളുമടക്കം നിറഞ്ഞതോടെ ഒരു കിലോമീറ്ററിലധികം ദൂരം പാതയോരത്തടക്കം വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥിതിയായിരുന്നു.


മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിച്ച് മടങ്ങാനുമാണ് സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത്. മഴക്കാലം തുടങ്ങിയതോടെ മൺസൂൺ ടൂറിസത്തിന്റെ തിരക്കിലായി റാണിപുരം. ജൂൺ തുടക്കം മുതൽ തന്നെ സഞ്ചാരികളുടെ വരവ് തുടങ്ങിയിരുന്നു. അയൽസംസ്ഥാനമായ കർണാടകയിൽനിന്നും വലിയ തോതിലാണ് സഞ്ചാരികളെത്തുന്നത്.

മുൻകാലങ്ങളിൽ സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നത് അവധിദിനങ്ങളിൽ മാത്രമായിരുന്നു. എന്നാൽ, ഈ വർഷം മഴ തുടങ്ങിയതോടെ എല്ലാ ദിവസവും വൻതിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ നിർത്തിയിടാനും വിശ്രമത്തിനും സൗകര്യമില്ലാത്തത് സഞ്ചാരികൾക്ക് ദുരിതമാകുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണാൻ വനം-വിനോദസഞ്ചാര വകുപ്പുകൾക്ക് സാധിക്കണമെന്നാണ് സഞ്ചാരികൾ പറയുന്നത്. മാനിമലയിലേക്കുള്ള ട്രെക്കിങ് ആണ് റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലെ പ്രധാന ആകർഷണം. അതുകൊണ്ട് യുവതീയുവാക്കളാണ് എറെയുമെത്തുന്നത്.

അശ്രദ്ധയോടെ സഞ്ചാരികൾ;അപകടത്തിന്സാധ്യതയേറെ


പാണത്തൂർ : പാണത്തൂരിൽനിന്നും കുണ്ടുപ്പള്ളി വഴി റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോകുന്ന ഇരുചക്രവാഹന സഞ്ചാരികളടക്കം ഗതാഗതനിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം.

വലിയ കയറ്റവും വളവുകളുമുള്ള റോഡിലൂടെ സഞ്ചാരികൾ അപകടകരമായി വാഹനമോടിക്കുന്നതായും ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരിൽ പലരും ഹെൽമെറ്റ്‌ ധരിക്കാൻ മടിക്കുന്നതായും കുണ്ടുപ്പള്ളി ജനകീയ വികസനസമിതി ഭാരവാഹികൾ പറഞ്ഞു.

പലപ്പോഴും ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യാറുണ്ടെന്നും അശ്രദ്ധയോടെ എത്തുന്ന യാത്രികർ തദ്ദേശീയരായ വാഹനയാത്രക്കാർക്കടക്കം ഭീഷണിയാകുന്നതായും വികസനസമിതി സെക്രട്ടറി എം.കെ.സുരേഷ് പറയുന്നു.

പാണത്തൂരിൽനിന്നും പനത്തടി വഴി ചുറ്റിക്കറങ്ങിപ്പോകുന്നതിന് പകരം വേഗത്തിൽ റാണിപുരത്ത് എത്താനായാണ് സഞ്ചാരികൾ ഈ വഴി ഉപയോഗിക്കുന്നത്. അവധിദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്ത് പോലീസ് പരിശോധയില്ലെന്നത് യുവാക്കളായ സഞ്ചാരികളെ ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. വലിയ വീതിയില്ലാത്ത പഞ്ചായത്ത് റോഡ് മഴക്കാലം കൂടിയായതോടെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്.

റോഡ് വീതികൂട്ടി മെക്കാഡം ചെയ്യണമെന്നും ആവശ്യത്തിന് സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നുമാണ് വികസനസമിതി പ്രവർത്തകർ പറയുന്നത്. ഇതിനൊപ്പം പോലീസ് നിരീക്ഷണവും ശക്തമാക്കണം.

error: Content is protected !!