മഴ കനക്കും, 3 ദിവസം കൊണ്ട് മഴക്കെടുതിയിൽ 20 മരണം; 8 ജില്ലകളിൽ റെഡ് അലർട്ട്; നാലിടത്ത് ഓറഞ്ച് അലർട്ട്, വയനാട് ജില്ലയിൽ നാളെ അവധി

കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളും യെലോ അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാം. റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം. വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണം.
അതേസമയം, മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ ദുരന്തമേഖലകൾ സന്ദർശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തിയ സതീശൻ, തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ടു സംസാരിച്ചു. മഴക്കെടുതി അനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുന്നതിനു മുന്നോടിയായാണു സന്ദർശനം.
∙ മൂന്നു ദിവസം 20 മരണം
തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം 3 ദിവസംകൊണ്ട് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളപ്പാച്ചിലിൽ കാണാതായ 7 പേർക്കായി തിരച്ചിൽ തുടരുന്നു. 17 പേർ മരിച്ചെന്നും 5 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക കണക്ക്. കോട്ടയത്തും മലപ്പുറത്തുമാണു മരണം കൂടുതൽ – 4 വീതം. രണ്ടിടത്തും ഓരോരുത്തരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ഓരോരുത്തർകൂടി മരിച്ചതോടെ തിരുവനന്തപുരത്തും കൊല്ലത്തും മരണം 3 വീതമായി. തിരുവനന്തപുരത്ത് 2 പേരെയാണു കാണാതായത്. കൊല്ലത്ത് ഒരാളെയാണു കണ്ടെത്താനുള്ളത്. ഇടുക്കിയിൽ 2 പേരാണു മരിച്ചത്. കണ്ണൂരിൽ ഒരു മരണം, 2 പേരെ കാണാതായി. പത്തനംതിട്ടയിലും കോഴിക്കോട്ടും എറണാകുളത്തും ഓരോ മരണം. 353 ദുരിതാശ്വാസ ക്യാംപുകളിലായി 13,496 പേരുണ്ട്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞദിവസം വെള്ളമിറങ്ങിയ റാന്നിയിൽ വീണ്ടും വെള്ളം കയറിത്തുടങ്ങിയത് ആശങ്കയായി. പമ്പയിൽ ജലനിരപ്പ് ഉയർന്നു. പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നു.

